കൊച്ചി: റിലീസിന് തയാറെടുക്കുന്ന ദിലീപ് ചിത്രം രാംലീലയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. തന്നെ പ്രതിയാക്കാന്‍ ശ്രമമെന്ന തരത്തില്‍ ദിലീപിന്റെ കഥാപാത്രത്തിന്റെ ഡയലോഗോടുകൂടിയാണ് ടീസര്‍. ദിലീപ് അറസ്റ്റിലായതോടെ രാംലീലയുടെ റിലീസിംഗ് പ്രതിസന്ധിയിലായിരുന്നു.

കുറ്റം തെളിയിക്കുന്നത് വരെ പ്രതി കുറ്റാരോപിതന്‍ മാത്രമാണെന്ന് ധ്വനിപ്പിക്കുന്ന മുകേഷ് ചെയ്ത കഥാപാത്രത്തിന്റെ ഡയലോഗ്. അവസാന ഭാഗത്ത് തന്നെ കുടുക്കാന്‍ ശ്രമമെന്ന തരത്തില്‍ ദിലീപിന്റെ കഥാപാത്രത്തിന്റെ ഡയലോഗ്. ചിത്രത്തിനെതാരായ ജനവികാരത്തെ മാറ്റിയെടുക്കാനുതകും വിധം തയാറാക്കിയ ടീസറാണ് ഇപ്പോള്‍ പുറത്തിറക്കിയത്.

നടിയെ ആക്രമിച്ച കേസില്‍ നായകനടന്‍ ദിലീപ് അറസ്റ്റിലായതോടെയാണ് രാംലീലയെന്ന ബിഗ്ബജറ്റ് ചിത്രം പ്രതിസന്ധിയിലായത്.റിലീസ് തിയതി നടന്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ മാറ്റി. ദിലീപിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് നേരെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്ര പ്രദര്‍ശിപ്പിക്കുന്നതില്‍ തിയേറ്റര്‍ ഉടമകളും ആശങ്ക അറിയിച്ചിരുന്നു. 

ഇതിനിടെയാണ് പ്രതിഛായ മെച്ചപ്പെടുത്തും വിധം പുതിയ ടീസറെത്തുന്നത്. നഷ്ടമായ ഇമേജ് തിരിച്ച് പിടിക്കാന്‍ പിആര്‍ ഏജന്‍സികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്നുണെന്ന് നേരത്തെ ആരോപണമുണ്ട്. നവാഗതനായ അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്.