താനും ആലിയ ഭട്ടും പ്രണയത്തിലാണെന്ന് രൺബീർ തുറന്നുപറഞ്ഞിട്ട് അധിക ദിവസങ്ങളായില്ല

രൺബീറും ആലിയഭട്ടും ഒരുമിച്ചുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ജനലരികിൽ നിന്ന് ഇരുവരും മുഖത്തോട് മുഖം നോക്കി സംസാരിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രം സഞ്ജുവിന്റെ വിജയം ആഘോഷിക്കുന്നതിനായി ആലിയയുടെ വീട്ടിലെത്തിയതാണ് രൺബീർ. ഇരുവരുടെയും സംഭാഷണത്തിനിടയിൽ ആലിയയുടെ അച്ഛൻ മഹേഷ് ഭട്ടിനെയും കാണാം. 

കത്രീനയുമായുണ്ടായിരുന്ന രണ്‍ബീറിന്‍റെ അടുപ്പത്തിന് ശേഷം ഇപ്പോള്‍ ആലിയയുമായുള്ള പ്രണയവും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ സജീവമാണ്. താനും ആലിയ ഭട്ടും പ്രണയത്തിലാണെന്ന് രൺബീർ തുറന്നുപറഞ്ഞിട്ട് അധിക ദിവസങ്ങളായില്ല. ജിക്യു മാഗസിന് നൽകിയ അഭിമുഖത്തിലാണ് താൻ ആലിയയുമായി പ്രണയത്തിലാണെന്ന് കാര്യം രൺബീർ വെളിപ്പെടുത്തിയത്. കരണ്‍ ജോഹറിന്റെ ‘കോഫി വിത്ത് കരണ്‍’ എന്ന ചാറ്റ് ഷോയില്‍ പങ്കെടുക്കവെ രണ്‍ബീറിനോട് തനിക്കുള്ള താല്‍പര്യം ആലിയയും തുറന്ന് പറഞ്ഞിരുന്നു. രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് താരം പറഞ്ഞത്.

ബിഗ്ബജറ്റ് ചിത്രമായ ബ്രഹ്മാസ്ത്രയിലാണ് ഇപ്പോള്‍ ഇരുവരും അഭിനയിക്കുന്നത്. ആര്യൻ ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രം കരൺ ജോഹറാണ് നിർമ്മിക്കുന്നത്. മൂന്ന് ഭാഗങ്ങളായുള്ള ബ്രഹ്മാസ്ത്രയുടെ ആദ്യ ഭാഗം 2019 ലാണ് പുറത്തിറങ്ങുക. ഇരുവരും ഒരുമിച്ചുള്ള ആദ്യ ചിത്രമാണിത്. ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇരുവരും ബള്‍ഗേറിയയിലാണ്. അവിടെ വച്ച് രണ്‍ബീര്‍ കപൂറിനും രണ്‍ബീറിന്റെ അമ്മ നീതുവിനും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ഒപ്പം ആലിയ ഇരുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. സോനം കപൂർ-ആനന്ദ് അഹൂജ വിവാഹത്തിൽ ഇരുവരും ഒരുമിച്ചെത്തിയിരുന്നു. 

കത്രീനയുമായുള്ള പ്രണയപരാജയത്തിന് ശേഷമാണ് രൺബീർ ആലിയയുമായി പ്രണയത്തിലാകുന്നത്. ആലിയ ആകട്ടെ സിദ്ധാർത്ഥ് മൽഹോത്രയുമായി പ്രണയപരാജയത്തിന് ശേഷവും.