'മലയാളസിനിമയിലെ പുരുഷാധിപത്യ പ്രവണതകളുടെ തെളിവ്'

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയായ അമ്മയുടെ നിലപാടിനെതിരേ തുറന്നടിച്ച് നടി രഞ്ജിനി. ദിലീപിനെ തിരിച്ചെടുത്ത സംഘടന അമ്മ എന്ന പേര് മാറ്റണമെന്നും ഇത് മലയാളസിനിമയിലെ പുരുഷാധിപത്യ പ്രവണതയുടെ തെളിവാണെന്നും പറയുന്നു രഞ്ജിനി. ഫേസ്ബുക്കിലൂടെയാണ് രഞ്ജിനിയുടെ പ്രതികരണം. നേരത്തേ കേസിന്‍റെ തുടക്കത്തില്‍, ദിലീപ് സംശയത്തിന്‍റെ നിഴലില്‍ നിന്നപ്പോഴും നടപടിയെടുക്കാന്‍ മടിച്ച സംഘടനയ്ക്കെതിരെയും രഞ്ജിനി പ്രതികരിച്ചിരുന്നു.

രഞ്ജിനിയുടെ ഫേസ്ബുക്ക് കുറിപ്പ്

താരസംഘടനയുടെ പേരിന്‍റെ ചുരുക്കെഴുത്തായി 'അമ്മ'യെന്ന പവിത്രമായ വാക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനുള്ള സമയമാണിത്. ഇത് ഓരോ അഭിനേത്രികള്‍ക്കെതിരെയുമുള്ള അധിക്ഷേപം മാത്രമല്ല, മറിച്ച് സിനിമാമേഖലയില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യ പ്രവണതകളിലേക്കുള്ള ചൂണ്ടുപലകയാണ്. കേസന്വേഷണം പുരോഗമിക്കുമ്പോള്‍ത്തന്നെ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എന്തുകൊണ്ടാണ് സംഘടന കൈക്കൊണ്ടത്? നിയമാവലികള്‍ക്കനുസരിച്ച് അഭിനേതാക്കള്‍ക്കുവേണ്ടി വാദിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സംഘടനയാണ് ഇതെന്ന് എനിക്ക് തോന്നുന്നില്ല. ഇത് നാണക്കേടാണ്. എവിടെയാണ് നമ്മുടെ സഹോദരിക്കുള്ള നീതി?