Asianet News MalayalamAsianet News Malayalam

രഞ്ജിത്തിന്റെ ആദ്യ നാടകം ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി; നിറഞ്ഞ സദസില്‍ 'മറാഠ കഫെ'

മുരളി മേനോന്‍ 2010ല്‍ രചന നിര്‍വ്വഹിച്ച നാടകമാണ് 'മറാഠ കഫെ'. നാടകത്തിന്റെ സംഗീതവിഭാഗം കൈകാര്യം ചെയ്തത് ശ്യാമപ്രസാദ് ആണ്. കുക്കു പരമേശ്വരന്‍ വസ്ത്രാലങ്കാരവും റോഷന്‍ ചമയവും കൈകാര്യം ചെയ്തു.
 

ranjiths play maratta cafe inaugurated by mammootty
Author
Kochi, First Published Jan 20, 2019, 4:51 PM IST

ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത് അവതരിപ്പിച്ച നാടകം ഉദ്ഘാടനം ചെയ്തത് മമ്മൂട്ടി. 'മറാഠ കഫെ' എന്ന നാടകത്തിന്റെ ഉദ്ഘാടന അരങ്ങാണ് മമ്മൂട്ടി ഇന്നലെ എറണാകുളത്ത് ഉദ്ഘാടനം ചെയ്തത്. ബ്രിട്ടീഷ് നാടകകൃത്ത് ഹരോള്‍ഡ് പിന്ററിന്റെ 'ദി ഡംപ് വെയ്റ്റര്‍' എന്ന പ്രശസ്ത കൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മുരളി മേനോനാണ് 'മറാഠ കഫെ'യുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ആദ്യ നാടകത്തെ കൈയടികളോടെയാണ് സദസ് സ്വീകരിച്ചത്.

രഞ്ജിത്തിനും മുരളി മേനോനുമൊപ്പം സംവിധായകന്‍ ശ്യാമപ്രസാദും നാടകപ്രവര്‍ത്തകന്‍ മനു ജോസും നാടകാവതരണത്തില്‍ ഒപ്പമുണ്ടായിരുന്നു. ഇവര്‍ നാലും തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ സഹപാഠികളായിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയുടെ സ്ഥാപകന്‍ ജി ശങ്കരപ്പിള്ളയുടെ പേരില്‍ ഇവര്‍ ചേര്‍ന്ന് ആരംഭിച്ച സ്‌പേസ് (ശങ്കരപ്പിള്ള ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ സെന്റര്‍) ഫൗണ്ടേഷന്റെ ആദ്യ നാടകാവതരണമായിരുന്നു ഇന്നലെ എറണാകുളത്ത് നടന്നത്.

മുരളി മേനോന്‍ 2010ല്‍ രചന നിര്‍വ്വഹിച്ച നാടകമാണ് 'മറാഠ കഫെ'. നാടകത്തിന്റെ സംഗീതവിഭാഗം കൈകാര്യം ചെയ്തത് ശ്യാമപ്രസാദ് ആണ്. കുക്കു പരമേശ്വരന്‍ വസ്ത്രാലങ്കാരവും റോഷന്‍ ചമയവും കൈകാര്യം ചെയ്തു. 

(ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹരീഷ് പേരടി)

Follow Us:
Download App:
  • android
  • ios