ദിലീപിനെ പിന്തുണയ്ക്കുന്നു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചരണത്തിനെതിരെ നടി റിമ കല്ലിങ്കൽ. ഇത്തരം പ്രചരണങ്ങളിലൂടെ ദിലീപ് തന്നെയാണ് നടിയെ ആക്രമിച്ചത് എന്നുറപ്പിക്കുകയാണ് ഇവര്‍. നല്ലവനൊപ്പെം എന്ന ഹാഷ് ടാഗോടെ റിമ എഴുതിയ കുറിപ്പില്‍ താരങ്ങളുടെ ആരാധകരെ നടി വിമര്‍ശിക്കുന്നുണ്ട്. ഇത്തരം ആളുകൾ പുരുഷൻമാർക്കാകെ അപമാനമാണെന്നും റിമ ഫേസ് ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
റിമയുടെ ഫേസ് ബുക്ക് പോസ്റ്റ്
തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് കൃത്യമായി കേള്‍ക്കുകയും അറിയുകയും ചെയ്യുന്ന, ഫെബ്രുവരി 17 ന് ക്രൂരമായി പീഡിപ്പിക്കപ്പെട്ട എന്‍റെ സഹൃത്ത് എനിക്ക് ഒരു എഫ് ബി പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ട് അയച്ചു തന്നു. ഈ ലോകത്തിലെ എല്ലാ പുരുഷന്‍മാരും ഒരു പോലെ അല്ലെന്നും, നല്ലവരായ പുരുഷന്‍മാരുടെ ഒപ്പം നമ്മള്‍ നില്‍ക്കണം എന്നും അവളോട് പറയണ്ട കടമ എനിക്കുണ്ട്. അവരെ രക്ഷിക്കേണ്ട സമയമിതാണ്.
പുലിമുരുകന്‍ എന്ന സിനിമയുടെ റിവ്യു എഴുതിയ സ്ത്രീക്ക് മേല്‍ മോശം വാക്കുകള്‍ എഴുതി മോഹന്‍ ലാലിനും പുരുഷന്‍മാര്‍ക്ക് തന്നെയും നാണക്കേട് ഉണ്ടാക്കിയവരില്‍ നിന്ന് യഥാര്‍ത്ഥ പുരുഷന്‍മാരെ രക്ഷിക്കേണ്ട സമയം ഇതാണ്. ഫേസ്ബുക്ക് ലൈവില്‍ വന്ന് ലിച്ചിയെ കരയിച്ച് മമ്മൂട്ടിക്കും പുരുഷന്‍മാര്‍ക്കും നാണക്കേടുണ്ടാക്കിയവരില്‍ നിന്ന് യഥാര്‍ത്ഥ പുരുഷന്‍മാരെ രക്ഷിക്കേണ്ട സമയം ഇതാണ്.
ദിലീപ് തന്നെയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും ഇനിയും അദ്ദേഹത്തിന് കൂടുതല്‍ ചെയ്യാന്‍ സാധിക്കുമെന്നും കരുതുന്നവരില്‍ നിന്ന് നമ്മുടെ യഥാര്‍ത്ഥ പുരുഷന്‍മാരെ സംരക്ഷിക്കുക. ഹീറോയിസവും, ആണത്തവും ഇതൊക്കെയാണെന്ന് വിശ്വസിക്കുന്നതിന് മുന്‍പ് നമ്മുടെ യുവതലമുറയെ രക്ഷിക്കക. ജയിലിന് പുറത്ത് മധുരം വിതരണം ചെയ്തവരും ഇത്തരം പോസ്റ്റുകള്‍ കോപ്പി പേസ്റ്റ് ചെയ്യുന്നവരുമല്ല യഥാര്‍ത്ഥ പുരുഷന്‍മാരെന്ന് ഒരു സമൂഹം എന്ന നിലയ്ക്ക് നമ്മള്‍ എന്‍റെ സുഹൃത്തിനോടും ലോകത്തിനോടും പറയണം.
