യുവനടിയെ ആക്രമിച്ച കേസില്‍ പോലീസ് പ്രധാനപ്രതിയായ പള്‍സര്‍ സുനിക്കായി വലവിരിച്ചിരിക്കുകയാണ്. അതിനിടയിലാണ് പള്‍സര്‍ സുനിയാണെന്ന് പറഞ്ഞ് റിയാസ് ഖാൻ എന്ന ചെറുപ്പക്കാരന്റെ ചിത്രം വ്യാപകമായി പ്രചരിക്കപ്പെടുന്നത്. നടന്‍ ദിലീപിന്‍റെ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയായ റിയാസിന്‍റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ നിന്നും എടുത്ത ചിത്രങ്ങള്‍ വച്ചുതന്നെയാണ് പ്രചരണം എന്നതാണ് ഇതിലെ ദൌര്‍ഭാഗ്യകരമായ കാര്യം. ഇതിനൊപ്പം പള്‍സര്‍ സുനിയുടെ യഥാര്‍ത്ഥ പേര് റിയാസ്ഖാന്‍ ആണെന്നുവരെ പ്രചരണം ഉയര്‍ന്നു.

സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം റിയാസ് ഏഷ്യാനെറ്റ് ന്യൂസ്.ടിവിയോട് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ ആലപ്പുഴ മീറ്റിംഗ് കഴിച്ച് അവിടുന്ന് എടുത്ത ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ എന്നെ പള്‍സര്‍ സുനിയാക്കി വാര്‍ത്ത വന്നത്. അന്ന് എനിക്ക് അവിടുന്ന മടങ്ങാന്‍ പോലും പേടിയായി. മണിക്കൂറുകള്‍ക്കുള്ളില്‍ വാര്‍ത്ത മറ്റുചില പോര്‍ട്ടലുകള്‍ നല്‍കുകയും അത് വൈറലാകുകയും ചെയ്തു. ആ ഫോട്ടോയില്‍ കണ്ട എന്നെ പള്‍സര്‍ സുനി എന്ന പേരില്‍ കൈയ്യേറ്റം ചെയ്യുമോ എന്ന് പോലും ഭയന്നതായി റിയാസ് പറയുന്നു.

രണ്ടാംഘട്ടത്തില്‍ എന്‍റെ ഫേസ്ബുക്കില്‍ തന്നെയുള്ള ദിലീപിന് എതിരെയുള്ള ഫോട്ടോ വച്ചായി പ്രചരണം. നടി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞതു മുതൽ നടൻ ദിലീപിനെ പ്രതിയാക്കാനുള്ള ഗൂഡാലോചനയാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഞാൻ ദിലീപേട്ടനുമായി നിൽക്കുന്ന ഫോട്ടായും ചേർത്ത് നടക്കുന്ന അപവാദ പ്രചരണം. 

പള്‍സര്‍ സുനിയുടെ യഥാര്‍ത്ഥ പേര് റിയാസ്ഖാൻ എന്നാണ് വരെ പ്രചരണം നീളുന്നു. ഈ പ്രചരണക്കാരുടെ ലക്ഷ്യം  ഞാനല്ല.. ഫാൻസ്‌ അസോസിയേഷൻ എന്നുള്ളതിന്റെ മുമ്പിൽ "ദിലീപ്" എന്നുള്ള പേര് ഉള്ളതുകൊണ്ടാണ് ഇതോക്കെ സംഭവിക്കുന്നത്. എനിക്ക് ഉണ്ടായ മാനഹാനിക്കും മനോവിഷമത്തിനും ഉത്തരവാദികളായവരെ സമൂഹത്തിന്റെ മുമ്പിൽ എത്തിക്കാൻ ഈ വിഷയത്തെ ഞാൻ നിയമപരമായി നേരിടാൻ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.  ഇത്തരത്തില്‍ ഒരു യുവാക്കള്‍ക്കും അനുഭവം ഉണ്ടാകരുത്.