'ചക്കപ്പഴം' പരമ്പരയിലെ മുത്തശ്ശി വേഷം ചെയ്ത മുതിർന്ന നടി ഇന്ദിരാദേവി വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കിടപ്പിലാണ്. പരമ്പരയിലെ സഹതാരമായ സബീറ്റ ജോർജ് അവരെ സന്ദർശിച്ചതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. അവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ചു.

ടെലിവിഷൻ പ്രേക്ഷകർ നെഞ്ചേറ്റിയ പരമ്പരകളിലൊന്നാണ് ചക്കപ്പഴം. കഴിഞ്ഞ വർഷമാണ് പരമ്പര അവസാനിച്ചത്. ചക്കപ്പഴത്തി‍ൽ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച അഭിനേത്രിയാണ് സബീറ്റ ജോർജ്. ഈ പരമ്പരയിലൂടെയാണ് സബീറ്റ അഭിനയരംഗത്തേക്ക് എത്തുന്നത്. അതിനു ശേഷം ചില സിനിമകളിലും വേഷമിട്ടു. കഴിഞ്ഞ ദിവസം സബീറ്റ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചക്കപ്പഴം സീരിയലിൽ മുത്തശ്ശി കഥാപാത്രം ചെയ്തിരുന്ന മുതിർന്ന നടി ഇന്ദിര ദേവിയെ സന്ദർശിച്ചതിന്റെ വീഡിയോയാണ് സബീറ്റ പങ്കുവെച്ചത്.

സബീറ്റയുടെ അമ്മായിയമ്മയുടെ കഥാപാത്രമായിരുന്നു ചക്കപ്പഴത്തിൽ ഇന്ദിരാ ദേവിക്ക്. കുറച്ചു നാളുകളായി രോഗം മൂലം കിടപ്പിലാണ് ഇന്ദിരാ ദേവി. നിരവധി പേരാണ് വീഡിയോയ്ക്കു താഴെ മിനിസ്ക്രീനിലെ തങ്ങളുടെ പ്രിയപ്പെട്ട മുത്തശ്ശിയോടുള്ള സ്നേഹം അറിയിച്ചെത്തുന്നത്.

''നമ്മുടെ ചക്കപ്പഴത്തിലെ പ്രിയപ്പെട്ട മുത്തശ്ശിക്ക് നല്ല സുഖമില്ല. പ്രായത്തിന്റേതായ ആരോഗ്യപ്രശ്നങ്ങളാണ്. എല്ലാവരുടെയും പ്രാർത്ഥനകൾ മാത്രമാണ് ഇനി മുത്തശ്ശിക്ക് വേണ്ടത്. എടീ ലളിതേ… നിന്റെ മോളെങ്ങനെ ഇരിക്കുന്നുവെന്ന് പോലും ചോദിക്കാൻ പറ്റാതെയുള്ള ആ കിടപ്പ് കണ്ടപ്പോൾ മനസ് വല്ലാതെ വിങ്ങി. എങ്കിലും ഹൃദയങ്ങളുടെ നെടുവീർപ്പിലൂടെ ഞങ്ങൾ പറയേണ്ടതെല്ലാം പരസ്പരം പറഞ്ഞു.

View post on Instagram

മൂന്നു വർഷങ്ങൾക്കു മുൻപ് നമ്മുടെ ഷൂട്ടിങ്ങിന്റെ അവസാന ദിവസം ഞാനൊരു വാക്കു തന്നു. ഞാനടുത്തു വരണമെന്ന് എപ്പോൾ ആവശ്യപ്പെട്ടാലും ഓടിയെത്തുമെന്ന്. ഇന്നു വരേക്കും ഞാനാ വാക്ക് പാലിക്കുന്നു. വാക്കിലും പ്രവർത്തിയിലും സത്യസന്ധത പാലിച്ച് എന്നെ ഒരുപാട് പ്രചോദിപ്പിച്ച വ്യക്തിയാണ് അമ്മ. സ്നേഹവും ചിരിയും നിറഞ്ഞ നമ്മുടെ കുഞ്ഞുവഴക്കുകളെല്ലാം ഞാനെന്നും ഓർക്കും. അമ്മയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു'', എന്നായിരുന്നു സബീറ്റ ജോർജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്