ബാഡ്മിന്റണ്‍ താരം, സൈന നെഹ്‍വാളിന്റെ ജീവിതം പ്രമേയമായി ചിത്രം ഒരുങ്ങുകയാണ്. ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തില്‍ സൈന നെഹ്‍വാളായി അഭിനയിക്കുന്നത്. അമോല്‍ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ മികച്ചതായിരിക്കുമെന്നാണ് കരുതുന്നത് എന്ന് സൈന നെഹ്‍വാള്‍ പറയുന്നു. സൈന എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്.

സിനിമ കാണാൻ ഞാൻ കാത്തിരിക്കുകയാണ്. തിരക്കഥ അത്രയ്ക്കും മികച്ച രീതിയിലാണ്. ശ്രദ്ധ കപൂര്‍ ചിത്രത്തിനായി തയ്യാറെടുക്കുന്നത് ഞാൻ കണ്ടിരുന്നു. തീര്‍ച്ചയായും മികച്ച പ്രകടനം തന്നെ ശ്രദ്ധ നടത്തും. സിനിമ പൂര്‍ത്തിയാകാൻ കുറച്ചുസമയം അധികം എടുക്കുന്നുണ്ട്. പക്ഷേ മികച്ച സിനിമ തന്നെയായിരിക്കും എന്നാണ് ഞാൻ കരുതുന്നത്- സൈന നെഹ്‍വാള്‍ പറയന്നു. കായികതാരങ്ങളുടെ ജീവിതം സിനിമയ്ക്ക് നല്ല കഥയാണ്. കാരണം അവരുടെ കഠിനാദ്ധ്വാനവും മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന ജീവിതവുമൊക്കെ അതിലുണ്ടാകും. എല്ലാ കായികതാരങ്ങള്‍ക്കും അദ്ഭുതകരമായ ഒരു ജീവിതകഥയുണ്ടാകും. അവരുടെ കഷ്‍ടപ്പാടുകളും കഠിനാദ്ധ്വാനവുമൊക്കെ ഒന്നില്‍ നിന്ന് ഒന്ന് വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ കായികതാരത്തിന്റെ ജീവിതം സിനിമയ്‍ക്ക് പറ്റിയതുമാണ്. കായികതാരത്തിന്റെ ജീവിതം പറയുന്ന സിനിമകള്‍ ഞാനും കാണാറുണ്ട്. കാരണം നമ്മളെ അത് പ്രചോദിപ്പിക്കും. എന്റെ കഥയും സിനിമയായി കാണുന്നത് പ്രേക്ഷകര്‍ ഇഷ്‍ടപ്പെടുമെന്നാണ് കരുതുന്നത്- സൈന നെഹ്‍വാള്‍ പറയുന്നു.