ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സജിതാ മഠത്തിലിന്റെ വിമര്‍ശനം. എല്ലാ പ്രതീക്ഷയും അമ്മയിലായിരുന്നു. എന്നാല്‍ പ്രൊഡക്ഷന്‍ ആവശ്യത്തിനായി നടത്തുന്ന യാത്രകള്‍ക്ക് ഉത്തരവാദിത്വമില്ലെന്നാണ് അമ്മ പറയുന്നത്. താന്‍ ഇരുപത്തിയഞ്ചു വര്‍ഷമായി ഇന്ത്യയ്‌ക്കകത്തും പുറത്തും ഒറ്റയ്‌ക്കാണ് യാത്ര ചെയ്‌തിട്ടുള്ളത്. തന്നെപ്പോലെയുള്ള കുറച്ച് നടിമാര്‍ ഉണ്ട്. ജോലിസമയത്ത് രാപ്പകല്‍ ഒറ്റയ്‌ക്ക് പണിയെടുക്കുന്ന നടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കണമെന്നാണോ അമ്മ പറയുന്നതെന്നും സജിതാ മഠത്തില്‍ ചോദിക്കുന്നു. 2017ല്‍ ഒരു സംഘടനയ്‌ക്ക് ഇത്രയും സ്‌ത്രീവിരുദ്ധമായ തീരുമാനം ഉറക്കെ പറയാന്‍ സാധിക്കുന്നത് ഏറെ വേദന ഉണ്ടാക്കുന്നു. ശരീരത്തിനുനേരെയുള്ള അക്രമങ്ങളേക്കാള്‍ വേദനാജനകമാണിതെന്നും സജിത പറയുന്നു. ഇടതുപക്ഷ എംപിയുടെ സാന്നിദ്ധ്യത്തിലാണോ ഈ തീരുമാനമെന്നും സജിതാ മഠത്തില്‍ ചോദിക്കുന്നു. സ്ത്രീ അംഗങ്ങള്‍ക്കും വല്ല്യേട്ടന്മാരുടെ അഭിപ്രായമാണോ? അപ്പോ പിന്നെ ഡര്‍ബാര്‍ ഹാളില്‍ എന്തിനാ കൂടിയത്?- എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.