സംസ്ഥാനത്ത് അടുത്തിടെ നടന്ന തുടര്‍ ഹര്‍ത്താലുകളോടുള്ള പ്രതികരണമെന്ന നിലയില്‍ ഹര്‍ത്താലിനോട് ഇനി സിനിമാമേഖല സഹകരിക്കില്ലെന്ന് ഫിലിം ചേംബര്‍ ആഴ്ചകള്‍ക്ക് മുന്‍പ് വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ റിലീസ്ദിനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ബിജെപി ഹര്‍ത്താലിനെത്തുടര്‍ന്നായിരുന്നു ചേംബറിന്റെ തീരുമാനം. ഹര്‍ത്താല്‍ ദിനത്തില്‍ ഇനിമേല്‍ തീയേറ്ററുകള്‍ അടച്ചിടില്ലെന്നും ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കില്ലെന്നും ചേംബര്‍ അന്ന് വ്യക്തമാക്കിയിരുന്നു. പക്ഷേ ശബരിമലയിലെ യുവതീപ്രവേശനത്തിന് പിന്നാലെ ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് ചലച്ചിത്രമേഖല പൊതുവില്‍ നിസ്സംഗമായാണ് പ്രതികരിച്ചത്. ഇന്നത്തെ ഹര്‍ത്താല്‍ ദിനത്തില്‍ സ്വന്തം റിസ്‌കില്‍ തീയേറ്ററുകള്‍ തുറക്കാന്‍ ഉടമകളോട് പറയാനാവില്ലെന്നായിരുന്നു സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം. തീയേറ്ററുകളെല്ലാം പൂട്ടിക്കിടക്കുമ്പോള്‍ ചില സിനിമാ ചിത്രീകരണങ്ങള്‍ ഹര്‍ത്താല്‍ ദിനത്തിലും പുരോഗമിക്കുന്നുണ്ട്.

സലിം കുമാറാണ് താനിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മധുരരാജയുടെ ചിത്രീകരണം ഹര്‍ത്താല്‍ ദിനത്തിലും നടക്കുന്നുവെന്ന വിവരം പങ്കുവച്ചത്. ഹര്‍ത്താല്‍ ദിനത്തില്‍ സഹപ്രവര്‍ത്തകനൊപ്പം ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് സെറ്റിലേക്ക് പോകുന്നതിന്റെ ചിത്രത്തിനൊപ്പമായിരുന്നു സലിമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിനിമയുടെ ചിത്രീകരണം ഹര്‍ത്താല്‍ ദിനത്തിലും തുടരുന്നുവെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി. 

പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. മമ്മൂട്ടിയാണ് നായകന്‍. പോക്കിരിരാജ പുറത്തിറങ്ങി എട്ട് വര്‍ഷത്തിന് ശേഷമാണ് വൈശാഖ് മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ഒരുക്കുന്നത്. തിരക്കഥ പുലിമുരുകന്റെ രചയിതാവ് ഉദയകൃഷ്ണയുടേത് തന്നെയാണ്. നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മാണം. ഷാജി കുമാറാണ് ഛായാഗ്രഹണം. ഗോപി സുന്ദര്‍ സംഗീതം. ഓഗസ്റ്റ് 9നാണ് ചിത്രീകരണം ആരംഭിച്ചത്.