മുംബൈ: ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയക്കായി ഇന്ത്യയിലെത്തിയ ഈജിപ്ഷ്യൻ യുവതിക്ക് ഒരാഗ്രഹം. സൂപ്പർതാരം സൽമാൻ ഖാനെ ഒന്ന് നേരിൽ കാണണം. ആഗ്രഹം സാധിച്ചുകൊടുക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ് സൽമാന്‍. 500 കിലോ ഭാരമുള്ള ഇമാൻ അഹമ്മദിനെ ഇക്കഴിഞ്ഞ 11നാണ് വൻ സന്നാഹങ്ങളോടെ മുംബൈയിൽ കൊണ്ടുവന്നത്.
സായ്‌ഫീ ആശുപത്രിയിലെ 1000 സ്ക്വയർ ഫീറ്റ് മുറിയിൽ പ്രത്യേക ക്രമീകരണങ്ങളോടെ കഴിയുന്ന ഇമാൻ, ചികിത്സിക്കുന്ന സർജനോടാണ് തന്റെ ബോളിവുഡ് പ്രേമം വെളിപ്പെടുത്തിയത്. സാക്ഷാൽ സൽമാൻ ഖാനെ ഒന്ന് നേരിൽ കാണണമെന്നായിരുന്നു ഇമാന്റെ ആഗ്രഹം. ബോളിവുഡ് സിനിമകളുടെ കടുത്ത ആരാധകയായ ഇമാന് ഷാരൂഖും ആമിറും സൽമാനും പ്രിയപ്പെട്ടവരാണ്. പക്ഷേ ഇത്തിരി ഇഷ്ടക്കൂടുതൽ സൽമാനോടാണെന്ന് മാത്രം.

സൽമാൻ ഖാന് ഔദ്യോഗികമായി ഒരു കത്ത് നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സലിം ഖാൻ.കത്ത് കിട്ടിയാലുടൻ സൽമാൻ പറന്നെത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. 14 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരാണ് ഇമാനെ പരിചരിക്കുന്നത്. ആറ് മാസത്തിനുള്ളിൽ ഭാരം 500ൽ നിന്ന് 300 കിലോയിലേക്ക് എത്തിക്കാനാണ് ശ്രമം. പ്രമേഹമടക്കമുള്ള രോഗങ്ങൾ അലട്ടുന്ന ഇമാന്റെ വൃക്കകളുടെയും കരളിന്റെയും പ്രവർത്തനം ഇപ്പോൾ മെച്ചപ്പെട്ട് വരികയാണെന്ന് ഡോക്ടർമാർ പറയുന്നു.
