ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമാ ലോകവും ആരാധകരും കാത്തിരുന്ന വിവാഹമായിരുന്നു സാമന്ത നാഗ് ചൈതന്യയുടേത്. ഏറെ വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ രാജകീയമായിരുന്നു ഈ താര വിവാഹം. സിനിമാ ലോകം അത് വന്‍ ആഘോഷമാക്കുകയും ചെയ്തു. ഗോവയില്‍ വെച്ച് നടന്ന വിവാഹവും അനുബന്ധ ആഘോഷങ്ങളും ദിവസങ്ങള്‍ നീണ്ടു നിന്നു. 

കോടികളായിരുന്നു രാജകീയ വിവാഹത്തിന് ചിലവായത്. വിലപിടിപ്പേറിയ നിരവധി സമ്മാനങ്ങളും താര ദമ്പതികള്‍ക്ക് ലഭിച്ചു. എന്നാല്‍ ഈ സമ്മാനങ്ങളെല്ലാം ലേലത്തിന് വെയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സാമന്ത. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയയായ സാമന്ത പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും ചികിത്സ ചിലവുകള്‍ക്കും വേണ്ടിയാണ് ഈ ലേലത്തിന് തയ്യാറായത്. 

സിനിമയില്‍ എത്തിയ സമയം മുതല്‍ വരുമാനത്തിന്‍റെ നല്ലൊരു ഭാഗം സാമൂഹിക സേവനങ്ങള്‍ക്കായാണ് സാമന്ത ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ അടുത്തറിയാവുന്നവര്‍ക്ക് ഇതില്‍ വലിയ അത്ഭുതമൊന്നുമില്ല. സമ്മാനം നല്‍കിയവരും കുടുംബവും സാമന്തയുടെ തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ട്. നല്ലൊരു തുക ഇത്തരത്തില്‍ ലഭിക്കുമെന്നാണ് കരുതുന്നത്.