ശശികല ജയിലിലാകുമ്പോള്‍ അത് ആഘോഷമാക്കുന്നവരില്‍ മുന്‍പില്‍ തന്നെ കോളിവുഡ് താരങ്ങളുണ്ട്. കോളിവുഡില്‍ സുപ്രീംകോടതി വിധി വന്‍ ആഹ്ളാദം കോളിവുഡിലുണ്ടാക്കിയെന്ന് ട്വീറ്റുകളിലൂടെ വ്യക്തമായി. കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കമല്‍ ഹാസ്സന്‍, ഖുശ്ബു, സുന്ദര്‍ സി, പ്രകാശ് രാജ്, രാധിക ശരത്കുമാര്‍, സിദ്ധാര്‍ത്ഥ്, ഐശ്വര്യ രാജേഷ്, അരവിന്ദ് സ്വാമി, ഗൗതമി എന്നിവര്‍ പരസ്യമായി തന്നെ സന്തോഷമറിയിച്ചു. 

കാലം നീതി നടപ്പിലാക്കുമെന്ന് കമല്‍ ഹാസ്സന്‍ പ്രതികരിച്ചു. തമിഴ്‌നാട്ടില്‍ ജീവിക്കുന്ന ഒരു സ്ത്രീ എന്ന നിലയില്‍ ഞാന്‍ ഒരുപാട് സന്തോഷവതിയാണ്, എന്റെ നാട് സുരക്ഷിതമായി. വലിയ ഭീഷണിയില്‍ നിന്നാണ് രക്ഷപ്പെട്ടിരിക്കുന്നതെന്ന് ഖുശ്ബു കുറിച്ചു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല വിധിയാണ് കോടതിയുടേത്. ആളുകള്‍ക്ക് ഇനി ഭയമില്ലാതെ ശ്വാസം വിടാമെന്ന് സുന്ദര്‍സി. 

ഇതൊരിക്കലുമൊരു അവസാനമല്ല, വൃത്തിയാക്കാല്‍ ആരംഭിച്ചിരിക്കുകയാണ് ഇനിയും തുടരുവാനുണ്ടെന്ന് പ്രകാശ് രാജ് പറഞ്ഞു. മെഗാസീരിയലുകള്‍ക്ക് വലിയൊരു മത്സരമാകുമെന്ന് രാധിക ശരത്കുമാര്‍. തമിഴ് നാടിന് മിനിമം ഗ്യാരന്റിയെന്ന് നടന്‍ സിദ്ധാര്‍ത്ഥ്. അങ്ങനെ എല്ലാത്തിനും അവസാനമായെന്ന് ജോമോന്റെ നായിക ഐശ്വര്യ. 

കുറച്ചു കൂടി കടന്ന് അരവിന്ദ് സ്വാമി, നമ്മുടെ കാവല്‍ മുഖ്യമന്ത്രി ഇന്ന് ഓഫീസിലെത്തി എംഎല്‍എമാര്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്നത് കാണണമെന്നു പറഞ്ഞു. ജയലളിതയുടെ മരണത്തിലെ ദുരൂഹത ചോദ്യം ചെയ്യുന്ന നടി ഗൗതമി അതുകൂടി പറഞ്ഞു. അഴിമതി കേസില്‍ മാത്രമല്ല അമ്മയുടെ മരണത്തിനും ഇവര്‍ ഉത്തരം പറയണം. മാത്രമല്ല ഈ രണ്ടു കേസിലും ഇവര്‍ക്ക് രണ്ടു ശിക്ഷ നല്‍കുകയും വേണമെന്നാണ് ഗൗതമിയുടെ ആവശ്യം.