സത്യൻ അന്തിക്കാടിന് വേണ്ടി ഏറ്റവും കൂടുതൽ തിരക്കഥകൾ എഴുതിയ വ്യക്തി കൂടിയാണ് ശ്രീനിവാസൻ. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുന്ന ശ്രീനിവാസൻ ഹൃദയപൂർവ്വം സെറ്റ് സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു.
മലയാള സിനിമാപ്രേമികൾക്ക് എക്കാലത്തും പ്രിയപ്പെട്ട കോമ്പിനേഷൻ ആണ് സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ട്. പത്ത് വർഷങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രമായിരുന്നു 'ഹൃദയപൂർവ്വം'. ഓണം റിലീസായി എത്തിയ ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് നേടിക്കൊണ്ടിരിക്കുന്നത്. ടി.പി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടികാറ്റ്, പട്ടണപ്രവേശം, വരവേൽപ്, പിൻഗാമി, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്നേഹവീട്, എന്നും എപ്പോഴും തുടങ്ങീ എക്കാലത്തെയും മികച്ച സിനിമകളാണ് ഈ കോംബോയിൽ പുറത്തിറങ്ങിയിട്ടുള്ളത്.
എന്നാൽ ഇപ്പോഴിതാ താനും മോഹൻലാലും ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ശ്രീനിവാസനെയാണെന്ന് പറഞ്ഞിരിക്കുകയാണ് സത്യൻ അന്തിക്കാട്. സത്യൻ അന്തിക്കാടിന് വേണ്ടി ഏറ്റവും കൂടുതൽ തിരക്കഥകൾ എഴുതിയ വ്യക്തി കൂടിയാണ് ശ്രീനിവാസൻ. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുന്ന ശ്രീനിവാസൻ ഹൃദയപൂർവ്വം സെറ്റ് സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു.
"ഞാനും മോഹൻലാലും ഒന്നിക്കുമ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ശ്രീനിവാസനെ തന്നെയാണ്. ടി.പി.ബാലഗോപാലൻ മുതൽ തുടങ്ങിയതാണ് ഞങ്ങളുടെ കൂട്ടുകെട്ട്, സിനിമയിൽ എന്റെ പാത ഏതാണെന്ന് മനസിലാക്കിത്തന്ന ആളാണ് ശ്രീനിവാസൻ. നാടോടിക്കാറ്റും സന്ദേശവും വരവേൽപ്പുമൊക്കെ ഇന്നും ചർച്ച ചെയ്യപ്പെടുന്ന സിനിമകളാണ്. ശ്രീനിയുടെ പല സംഭാഷണങ്ങളും പഴഞ്ചൊല്ലുപോലെ മലയാളി പറയാറുണ്ട്. ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ, പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്’ ഇതൊക്കെ മലയാളിയുടെ മനസിൽ പതിഞ്ഞുപോയ സംഭാഷണങ്ങളാണ്. ശ്രീനിവാസൻ എന്ന സുഹൃത്തില്ലായിരുന്നെങ്കിൽ, എഴുത്തുകാരനില്ലായിരുന്നെങ്കിൽ ഇത്രയേറെ നല്ല സിനിമകൾ എനിക്ക് ചെയ്യാൻ കഴിയില്ലായിരുന്നു, ശ്രീനിയുടെ കയ്യിൽ നിന്നും ലഭിച്ച പാഠങ്ങൾ സ്വന്തമായി തിരക്കഥയെഴുതിയപ്പോൾ സഹായകമായിട്ടുണ്ട്" കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യൻ അന്തിക്കാടിന്റെ പ്രതികരണം.
അതേസമയം അഖിൽ സത്യന്റെ കഥയ്ക്ക് സോനു ടി.പിയാണ് ഹൃദയപൂർവ്വത്തിന്റെ തിരക്കഥ രചിക്കുന്നത്. മാളവിക മോഹനൻ ആണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായെത്തുന്നത്. കൂടാതെ സംഗീത്പ്രതാപ്, സംഗീത, സിദ്ധിഖ്, ലാലു അലക്സ്, ജനാർദ്ദനൻ, ബാബുരാജ് തുടങ്ങീ മികച്ച താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം നൽകുന്നത്. സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. അതിഥി വേഷങ്ങളിൽ ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.


