ഷക്കീലയുടെ പത്ത് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവ് ചിത്രം

ഷക്കീല അഭിനയിച്ച അഡള്‍ട്ട് സിനിമകള്‍ കേരളത്തിലെ തീയേറ്റര്‍ വ്യവസായത്തെ വലിയൊരു തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചുനിര്‍ത്തിയ കാലമുണ്ടായിരുന്നു. ആ ചിത്രങ്ങള്‍ക്ക് സ്വീകാര്യത കുറഞ്ഞപ്പോള്‍ പിന്നീടവര്‍ തെലുങ്കിലെത്തി. എന്നാല്‍ ഏറെക്കാലമായി അവര്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ പത്ത് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം ഒരു തെലുങ്ക് ചിത്രത്തിലൂടെ തിരിച്ചുവരവിനായുള്ള ശ്രമത്തിന് സെന്‍സര്‍ ബോര്‍ഡിന്‍റെ തിരിച്ചടി. സിനിമയിലെ രംഗങ്ങളൊന്നുമല്ല, മറിച്ച് പേരാണ് ചിത്രത്തിന് അനുമതി നല്‍കാന്‍ തടസ്സമായി സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. 'ശീലാവതി, വാട്ട് ഈസ് ദി ഫ*?' എന്നാണ് ചിത്രത്തിന്‍റെ പേര്. ഷക്കീലയുടെ കരിയറിലെ 250ാം ചിത്രമാണ് ഇത്.

പോസ്റ്റര്‍

പേര് സിനിമയ്‍ക്ക് യോജിക്കുന്നതല്ലെന്ന് സെന്‍സര്‍ ബോര്‍ഡ് എങ്ങനെ തീരുമാനിച്ചുവെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് ഷക്കീല ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചു. ഷക്കീല അഭിനയിച്ച സിനിമ ആയതുകൊണ്ടാണോ ഇങ്ങനെ? സിനിമ കാണാതെ അവര്‍ എങ്ങനെയാണ് തീര്‍പ്പ് കല്‍പ്പിക്കുക ഈ പേര് സിനിമയ്ക്ക് യോജിക്കുന്നതല്ലെന്ന്? സിനിമ കണ്ടതിന് ശേഷമാണ് എതിര്‍പ്പുയര്‍ത്തുന്നതെങ്കില്‍ അത് മനസിലാക്കാം. ഈ ഘട്ടത്തില്‍ പ്രേക്ഷകരുടെ പിന്തുണ തേടുകയാണ്, ഷക്കീല പറയുന്നു.

എന്നാല്‍ ചിത്രത്തിന്‍റെ പേര് മാറ്റാന്‍ അണിയറക്കാര്‍ ഒരുക്കമല്ലെന്നാണ് സൂചന. ഓണ്‍ലൈനില്‍ ചിത്രത്തിന്‍റെ പ്രൊമോഷനൊക്കെ കാര്യമായി പുരോഗമിക്കുന്നുണ്ട്. ശ്രീറാം ദസരിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഒരു സൂപ്പര്‍മാച്വറല്‍ ത്രില്ലര്‍ എന്നാണ് അണിയറക്കാര്‍ സിനിമയെക്കുറിച്ച് പറയുന്നത്.