ചിത്രീകരണം ഗ്ലാസ്ഗോയില്‍ ആരംഭിച്ചു
ഷാരൂഖ് ഖാന് നിര്മ്മിക്കുന്ന ക്രൈം ത്രില്ലര് ചിത്രത്തില് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമിതാഭ് ബച്ചന്. റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില് നിര്മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'കഹാനി' ഉള്പ്പെടെയുള്ള ചിത്രങ്ങള് ഒരുക്കിയ സുജോയ് ഘോഷ് ആണ്. ബദ്ല എന്നാണ് പേരിട്ടിരിക്കുന്നത്. ബിഗ് ബിക്കൊപ്പം തപ്സി പന്നു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. അനിരുദ്ധ റോയ് ചൗധരിയുടെ സംവിധാനത്തില് 2016ലെത്തിയ പിങ്കിന് ശേഷം തപ്സി അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഒരിടവേളയ്ക്ക് ശേഷം വലിയ മേക്കപ്പോ പ്രോസ്തറ്റിക്സോ ഒന്നുമില്ലാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന് അവസരം ലഭിച്ചതിലുള്ള സന്തോഷം അമിതാഭ് ബച്ചന് ആരാധകരുമായി പങ്കുവച്ചു. അടുത്തിടെ പ്രദര്ശനത്തിനെത്തി വന് വിജയം നേടിയ 102 നോട്ട് ഔട്ടില് പ്രോസ്തെറ്റിക് മേക്കപ്പോടെയാണ് ബച്ചന് കഥാപാത്രത്തെ അവതരിപ്പിച്ചത്. വരാനിരിക്കുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാനില് വേറിട്ട വസ്ത്രധാരണത്തോടെയും. ഇതില് നിന്നെല്ലാം മാറി കാഴ്ചയില് ലാളിത്യമുള്ള കഥാപാത്രമാണ് ബദ്ലയിലേതെന്ന് അദ്ദേഹം പറയുന്നു. ഇപ്പോള് ഗ്ലാസ്ഗോയില് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
നേരത്തേ സുജോയ് ഘോഷും അമിതാഭ് ബച്ചനും രണ്ടുതവണ ഒരുമിച്ചിട്ടുണ്ട്. 2009ല് പുറത്തെത്തിയ ഫാന്റസി അഡ്വഞ്ചര് ഫിലിം, അലാദിനിലും 2016ല് പുറത്തെത്തിയ ത്രില്ലര് ചിത്രം ടീനിലും. അലാദിന്റെ സംവിധാനം സുജോയ് ആയിരുന്നെങ്കില് ടീനിന്റെ നിര്മ്മാതാവായിരുന്നു അദ്ദേഹം. അതേസമയം അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും അവസാനം ഒരുമിച്ച് അഭിനയിച്ചത് 2008ല് പുറത്തെത്തിയ ഭത്നാഥിലാണ്. എന്നാല് ബദ്ലയില് കിംഗ് ഖാന് വേഷമില്ല. 2016ല് പുറത്തെത്തിയ സ്പാനിഷ് ചിത്രം ദി ഇന്വിസിബിള് ഗസ്റ്റിന്റെ റീമേക്കാണ് ബദ്ല.
