ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സുല്‍ത്താന്‍. ഒരു ഗുസ്തിക്കാരന്‍റെ വേഷത്തില്‍ എത്തുന്ന പിരീയിഡ് സിനിമയില്‍ അനുഷ്ക ശര്‍മ്മയാണ് സല്ലുവിന്‍റെ നായിക. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് ഇതിനകം വന്‍ തരംഗമാണ് ഓണ്‍ലൈനില്‍ സൃഷ്ടിച്ചത്. ചിത്രത്തിനായി മാസങ്ങളായി സല്‍മാന്‍ സ്വന്തം ശരീരം മറന്നുള്ള വ്യായമത്തിലാണ് എന്നോക്കെയാണ് ബി ടൗണിലെ അണിയറ വര്‍ത്തമാനം.

എന്നാല്‍ ഇപ്പോള്‍ ഒരു ഫോട്ടോഷോപ്പ് വിവാദമാണ് സല്‍മാന്‍റെ സുല്‍ത്താന്‍റെ പ്രൗഡി കുറച്ചത്. അടുത്തിടെയാണ് ഒരു ഗുസ്തികളത്തില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് നടന്നുപോകുന്ന സല്‍മാന്‍റെ ചിത്രം സുല്‍ത്താനിലെ രംഗം എന്ന പേരില്‍ താരം തന്നെ പോസ്റ്റിയത്. 

ആദ്യം ആരാധകര്‍ ആഘോഷിച്ചെങ്കിലും ഉടന്‍ തന്നെ ചിലര്‍ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് കണ്ടെത്തി. ചിത്രത്തിലെ സല്‍മാന്‍റെ നെഞ്ചിന്‍റെ നിറവും കാലും രണ്ട് രീതിയിലാണ് എന്ന് വ്യക്തമാണെന്ന് ആരോപിക്കുന്നവര്‍ പറയുന്നത്. എന്തായാലും ചിത്രം തല്‍കാലം സല്‍മാന്‍ ഖാന്‍ പിന്‍വലിച്ചു. എന്തായാലും പുതിയ ഫോട്ടോഷോപ്പ് വിവാദം യാഷ്രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ വിജയത്തെ ബാധിക്കില്ലെന്നാണ് സല്ലു ക്യാമ്പിന്‍റെ പ്രതീക്ഷ.