ഭക്തിഗാനാലാപനത്തിനെതിരെ പ്രതിഷേധം; മിണ്ടാതിരുന്നില്ലെങ്കില്‍ പൂര്‍ണ നഗ്നയായി പാടുമെന്ന് ഗായിക
ഭുവനേശ്വര്: നിരന്തരം വിവാദങ്ങളില് നിറയുന്ന ഗായികയാണ് സോന മോഹപത്ര. സോഷ്യല് മീഡിയയില് സജീവമായ മോഹപത്ര അവരുടെ പോസ്റ്റുകളിലൂടെ വിവാദത്തിലേക്ക് വീഴാറാണ് പതിവ്. എന്നാല് ഇത്തവണ അവര് പാടിയ ഭക്തിഗാനമാണ് വിവാദങ്ങള്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സ്റ്റേജ് ഷോക്കിടെ പാടിയ ഗാനം യുട്യൂബില് അപ്ലോഡ് ചെയ്തതോടെയാണ് വിവാദത്തിന് തുടക്കമായത്.
ഒഡിയ ഭജനയായ ആഹെ നിലാ ശൈല' തെറ്റായി വ്യാഖ്യാനം ചെയ്ത് പാടിയെന്നാണ് ഗായികക്കെതിരെ ഉയര്ന്ന ആരോപണം. സന്ന്യാസിയായിരുന്ന ഭക്ത സലബേഗ എഴുതിയ ഗാനത്തില് നിരവധി വാക്കുകള് മോഹപത്ര തെറ്റായി ഉച്ഛരിച്ചെന്നും ആരോപണമുണ്ട്. നിരവധി വാക്കുകള് തെറ്റി ഉച്ഛരിച്ചതാണ് സോഷ്യല് മീഡിയയില് വിമര്ശനങ്ങള്ക്ക് കാരണമായിരിക്കുന്നത്. ഗാനത്തിന്റെ അന്തസത്തയെ കശാപ്പ് ചെയ്തെന്നുവരെ വിമര്ശനമുണ്ടായി.
പ്രതിഷേധങ്ങളില് പ്രകോപിതയായ മോഹപത്ര രൂക്ഷമായ രീതിയിലാണ് പ്രതികരിച്ചത്. അധികം പറഞ്ഞാല് തുണിയില്ലാതെ ഗാനം ആലപിക്കുമെന്നായിരുന്നു മോഹപത്രയുടെ ട്വീറ്റ്. വിദ്യാഭ്യാസമില്ലാത്തവനൊക്കെ ഛര്ദ്ദിക്കാനുള്ള ഇടമല്ല എന്റെ പേജ്, ഇതുവരെ വിവരംകെട്ടവര് ഛര്ദ്ദിച്ചത് കൂടുതലാണ്. ഹീലുള്ള ചെരുപ്പിട്ട് തുണിയുടുക്കാതെ താന് പ്രകടനം നടത്തുമെന്നും ട്വീറ്റില് പറയുന്നു. വലതുപക്ഷ സംഘടനകള് ഗായികക്കെതിരെ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഗായികയുടെ കോലം കത്തിച്ചതടക്കമുള്ള പ്രതിഷേധവും നടന്നിരുന്നു.

