ശ്വേത മേനോന് ഭീഷണി 

മുംബൈ: സിനിമാ സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തുവെന്ന് അറിയിച്ചുകൊണ്ടുളള ഫോണ്‍ സന്ദേശത്തിന് പിന്നാലെ നടി ശ്വേതാ മേനോന് ഭീഷണി. തന്നെ ഫോണില്‍ വിളിച്ച് ചിലര്‍ ഭീഷണിപ്പെടുത്തിയതായി ശ്വേതാ മേനോന്‍ മുംബൈയിലെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. നിലവില്‍ മുംബൈയിലാണ് ശ്വേതാ മേനോന്‍.

രാവിലെ മുതല്‍ അറിയാത്ത നമ്പറുകളില്‍ നിന്ന് ഭീഷണികള്‍ ലഭിക്കുന്നുണ്ട്. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തെന്ന വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെയാണ് ഇത്തരം ഫോണ്‍ വിളികള്‍ ഉണ്ടായത്. ഇരു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് തനിക്ക് തോനുന്നതെന്നും ശ്വേതാ മേനോന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

'ഇതേ ഇന്‍ഡസ്ട്രി തന്നെ നിങ്ങളെ വഞ്ചിക്കും' എന്നായിരുന്നു തന്നെ വിളിച്ച ഒരാള്‍ പറഞ്ഞതെന്നും ശ്വേത വ്യക്തമാക്കി. അമ്മയില്‍ എക്സിക്യൂട്ടീവ് മെമ്പറായി തെരഞ്ഞെടുത്തത് അംഗീകാരമായി കാണുന്നുവെന്നും തനിക്ക് വേണ്ടി സംസാരിക്കാന്‍ ഒരു വക്താവിന്‍റെ ആവശ്യമില്ലെന്നും ശ്വേതാ മേനോന്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ പിന്തുണച്ചതിന് അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മുകേഷ്, കെ ബി ഗണേഷ് കുമാര്‍ എന്നിവര്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

നടിയെ ആക്രമിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സിനിയമയില്‍ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പേരില്‍ വനിതാ കൂട്ടായ്മയും ആരംഭിച്ചിരുന്നു. നടി മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍ തുടങ്ങിയലവരുടെ നേതൃത്വത്തിലാണ് കൂട്ടായ്മ ആരംഭിച്ചത്.