"അങ്ങനെ സ്ഥാനമൊഴിയുന്നത് അദ്ദേഹത്തിൻ്റെ സ്വഭാവത്തിന് ചേർന്നതായി തോന്നിയില്ല. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഞാൻ ആറ് വർഷം പ്രവർത്തിച്ചിട്ടുണ്ട്."

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ രാജിവെച്ചത് വലിയ ഞെട്ടലുണ്ടാക്കിയെന്ന് പുതിയ പ്രസിഡന്റ് ശ്വേതാ മേനോൻ. അദ്ദേഹം ഒറ്റപ്പെട്ട് പോയതുകൊണ്ടാവാം രാജിവെച്ചത് എന്നാണ് ശ്വേത മേനോൻ പറയുന്നത്. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശ്വേതയുടെ പ്രതികരണം.

"ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്ന സമയം എല്ലാവരിലും ഞെട്ടലുണ്ടാക്കിയ സമയമായിരുന്നു. ലാലേട്ടൻ സ്ഥാനമൊഴിഞ്ഞപ്പോൾ അത് കൂടുതൽ ഞെട്ടലുണ്ടാക്കി. അത് അദ്ദേഹത്തെ സംബന്ധിച്ച് ഒരു വലിയ തീരുമാനമായിരുന്നിരിക്കണം. പ്രത്യക്ഷത്തിലല്ലെങ്കിലും അദ്ദേഹം ഒറ്റപ്പെട്ടുപോയതായി എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം എളുപ്പത്തിൽ തോൽവി സമ്മതിക്കുന്ന ആളല്ല. ആ സമയത്ത് ഞാൻ ആ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇല്ലായിരുന്നെങ്കിലും, അങ്ങനെ സ്ഥാനമൊഴിയുന്നത് അദ്ദേഹത്തിൻ്റെ സ്വഭാവത്തിന് ചേർന്നതായി തോന്നിയില്ല. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഞാൻ ആറ് വർഷം പ്രവർത്തിച്ചിട്ടുണ്ട്. " ശ്വേത പറഞ്ഞു.

അതേസമയം മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിക്കുമെന്ന് ശ്വേതാ മേനോൻ പറഞ്ഞിരുന്നു. ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ അംഗങ്ങൾക്കിടയിലെ പരാതികൾ ചർച്ചയായെന്നും പരാതികൾ പരിഹരിക്കാൻ സബ് കമ്മിറ്റികൾ രൂപീകരിക്കുമെന്നും ശ്വേത മേനോൻ പറഞ്ഞു. എല്ലാവരുടെയും പ്രശ്നങ്ങൾ കേൾക്കുമെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി. വിവാദങ്ങളെത്തുടർന്ന് സംഘടന വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. കുക്കു പരമേശ്വരനുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദവും സംഘടനയിലെ വിഭാഗീയതയും യോഗത്തിൽ ചർച്ചയായിരുന്നു. തുടര്‍ന്നാണ് വിഷയത്തിൽ അമ്മ പ്രസിഡന്‍റ് ശ്വേത മേനോൻ നിലപാട് വ്യക്തമാക്കിയത്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking news Live