ഇന്ത്യന്‍ സിനിമയുടെ സ്വപ്ന സുന്ദരിയായിരുന്നു ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവി. തമിഴില്‍ തുടങ്ങി ബോളിവിഡുന്‍റെ താരറാണിയായതുവരെയുള്ള ശ്രീദേവിയുടെ സിനിമ യാത്ര അത്രത്തോളം വലുതാണ്. സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോഴും ശ്രീദേവിയെ അതേ സ്വപ്നസുന്ദരിയായി തന്നെ സിനിമാ ലോകം കണ്ടു. രാജേശ്വരിയുടെയും അഭിഭാഷകനായിരുന്ന അയ്യപ്പന്റെയും മകൾ ശ്രീ അമ്മ യങ്കാർ അയ്യപ്പൻ എന്ന ശ്രീദേവി തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിൽ ബാലതാരമായാണ് വെള്ളിത്തിരയിലെ വെളിച്ചത്തിലേക്ക് വന്നത്.
ബാലതാരമായി തമിഴിലും മലയാളത്തിലുമായി സിനിമകൾ ചെയ്ത ശ്രീദേവിയ്ക്ക് 1971 ൽ പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടി. അക്കാലത്ത് തെന്നിന്ത്യയിലെ സിനിമാ താരങ്ങളുടെ ഗോഡ്ഫാദറെന്ന് വിശേഷിപ്പിക്കാവുന്ന കെ ബാലചന്ദ്രനാണ് ശ്രീദേവിയെ നായികയായി തമിഴ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. കമല്‍ ഹാസനും രജനീകാന്തും നായകന്മാരായി എത്തിയ മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തിലാണ് ശ്രീദേവി ആദ്യം നായികയാവുന്നത്. പതിമൂന്നാം വയസിലാണ് ശ്രീദേവി നായികയാവുന്നത്.
തമിഴില്‍ നിരവധി ചിത്രങ്ങള്‍ ചെയ്ത് ശ്രദ്ധനേടിയതോടെ ദക്ഷിണേന്ത്യയുടെ സ്വപ്ന സുന്ദരിയായി താരം മാറി. മൂന്നാം പിറയടക്കമുള്ള ചിത്രങ്ങള്‍ ശ്രീദേവിയെ പകരം വയ്ക്കാനില്ലാത്ത നടിയാക്കി. 1975 ൽ ജൂലി എന്ന സിനിമയിലൂടെയാണ് ശ്രീദേവി ബോളിവുഡിലേക്ക് ചുവടു വയ്ക്കുന്നത്. ചിത്രത്തില്‍ ചെറിയ വേഷമാണെങ്കിലും ശ്രദ്ധിക്കപ്പെട്ടു. 1978ല്‍ ജിതേന്ദ്രയുടെ നായികയായി അഭിനയിച്ച ഹിമ്മത് വാലയിലാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ ബോളിവുഡ് ശ്രീദേവിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
നായകന്‍മാര്‍ അടക്കിവാണ ബോളിബഡ്ഡില്‍ ഹിറ്റുകളുടെ പരമ്പര തീര്‍ത്ത് ശ്രീദേവി ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് പദവിയിലേക്കെത്തിച്ചു. മലയാള സിനിമയെ അത്രയധികം സ്നേഹിച്ചിരുന്ന ശ്രീദേവി 26ഓളം മലയാള സിനിമയില്‍ നായികയായെത്തി. മിഥുന്‍ ചക്രവര്‍ത്തിയുമായുള്ള പ്രണയവും അകല്‍ച്ചയും വാര്‍ത്തകളില്‍ നിറഞ്ഞു. ഹിറ്റ് ജോഡിയായിരുന്ന അനിൽ കപൂറിന്റെ സഹോദരനും ചലച്ചിത്രനിർമാതാവുമായ ബോണികപൂറിനെ 1996ല്‍ ശ്രീദേവി വിവാഹം കഴിച്ചു. 1997ല്‍ സിനിമയില്‍ നിന്ന് വിട്ടു നിന്ന താരം പിന്നീട് 2012 ൽ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തയത്. 2013ല്‍ രാജ്യം പദ്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചു.
മകൾ ജാഹ്നവിയുടെ സിനിമാപ്രവേശനം സ്വപ്നമായിരിക്കെ അപ്രതീക്ഷിതമായാണ് താരത്തിന്‍റെ വിടവാങ്ങല്‍. മകളുടെ സിനിമാ പ്രവേശനത്തെ അത്രയേറെ പ്രിയപ്പെട്ടതായാണ് ശ്രീദേവി കണ്ടിരുന്നത്. പല അഭിമുഖങ്ങളിലും അവരത് വ്യക്തമാക്കിയിരുന്നതാണ്. കരണ്‍ ജോഹര്‍ ചിത്രത്തില്‍ ജാഹ്നവി നായികയായെത്തുന്നത് കാണാതെയാണ് ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍, ബോളിവുഡിന്‍റെ മുഖശ്രീ അരങ്ങൊഴിഞ്ഞത്.
