ദുബായ്: ശ്രീദേവിയുടെ മരണവാര്‍ത്ത സംബന്ധിച്ച് പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള കാര്യങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ യഥാര്‍ത്ഥ ചിത്രം വ്യക്തമാകൂ. മരണത്തിന് മുന്‍പ് ശ്രീദേവി ബാത്ത്റൂമില്‍ വീണുവെന്നും, ഇവിടുന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിനിടയിലാണ് മരണം എന്നും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മരണത്തിലേക്ക് ശ്രീദേവിയെ നയിച്ചത് എന്താണെന്ന ചര്‍ച്ച സിനിമ ലോകത്ത് സജീവമാണ്.

ഇതില്‍ ഏറ്റവും ശ്രദ്ധേയമായി അവരുമായി അടുപ്പമുള്ളവര്‍ സോഷ്യല്‍ മീഡിയ വഴിയും ദേശീയ മാധ്യമങ്ങള്‍ വഴിയും പറയുന്ന കാരണം അവര്‍ നടത്തിയ സൌന്ദര്യ സംരക്ഷണ ശസ്ത്രക്രിയകള്‍ തന്നെയാണ്. 

Scroll to load tweet…

ഒരു പ്രമുഖ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റിനെ ദേശീയ മാധ്യമം ഉദ്ധരിച്ചത് ഇങ്ങനെയാണ്, അമ്പത്തിനാലു വയസുകാരിയായിരുന്ന ശ്രീദേവി തന്‍റെ പ്രായം എന്നും ഒരു നാല്‍പ്പത് വയസില്‍ നിര്‍ത്താന്‍ ജാഗ്രത കാണിച്ചിരുന്നു, കാരണം പ്രേക്ഷകരും അതാണ് ആവശ്യപ്പെട്ടിരുന്നത്. ഇത് അവരില്‍ വലിയ സമ്മര്‍ദ്ദം ഉണ്ടാക്കിയിരുന്നു. ഇതിനായി നിരന്തരം ശസ്ത്രക്രിയകള്‍ ചെയ്യേണ്ടി വന്നു. ഇവയില്‍ പലതും വിദേശ രാജ്യങ്ങളിലായിരുന്നു.

എന്നാല്‍ സമീപകാലത്താല്ല ശ്രീദേവി ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്ത് തുടങ്ങിയത് എന്നാണ് സിനിമ കേന്ദ്രങ്ങള്‍ പറയുന്നത്. തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡില്‍ എത്തി ഇന്ത്യയിലെ താരറാണിയാകുന്ന യാത്രയില്‍ 80കളില്‍ തന്നെ ശ്രീദേവി മാറ്റങ്ങള്‍ക്കായി ശസ്ത്രക്രിയയെ ആശ്രയിച്ചിരുന്നു. ഏറ്റവും അവസാനം ചുണ്ടിന് ഇവര്‍ വരുത്തിയ മാറ്റം പോലും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു എന്നതാണ് നേര്.

ത്വക്കിന്‍റെ നിറം നിലനിര്‍ത്താന് ലേസര്‍ ചികില്‍സ, സ്തന സൌന്ദര്യം നിലനിര്‍ത്താനുള്ള ശസ്ത്രക്രിയകള്‍ എന്നിവയൊക്കെ ശ്രീദേവി ചെയ്തത് വാര്‍ത്തയായിട്ടുണ്ട്. എന്നാല്‍ ഇത്തരം സങ്കീര്‍ണ്ണ ശസ്ത്രക്രിയകള്‍ ശരീരത്തിന്‍റെ ആന്തരികാവയവങ്ങളെ ദുര്‍ബലപ്പെടുത്തും എന്ന സത്യം നിലനില്‍ക്കുന്നു. ഹൃദയ ആരോഗ്യം സംബന്ധിച്ച് ശ്രീദേവിക്ക് മുന്നറിയിപ്പ് ലഭിച്ചെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.