ഹൈദരാബാദ്: ബാഹുബലിക്ക് ശേഷം സംവിധായകന്‍ രാജമൗലി മറ്റൊരു ബ്രഹ്മാണ്ഡ പ്രോജക്ടായ മഹാഭാരതം ചെയ്യാന്‍ പോകുന്നെന്ന വാര്‍ത്തകളുണ്ടായിരുന്നു. മഹാഭാരതം ചെയ്യാന്‍ താന്‍ ആലോചിക്കുന്നതായി രാജമൗലിയും പറഞ്ഞു. മോഹന്‍ലാല്‍, അമീര്‍ഖാന്‍, രജനികാന്ത് എന്നിവര്‍ മഹാഭാരതത്തിന്റെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാലിപ്പോള്‍ പുതിയ സൂചനകള്‍ അനുസരിച്ച് രാജമൗലിയുടെ അടുത്ത സംവിധാന സംരംഭം ഈച്ച 2 ആണ്. 2012ല്‍ ഇറങ്ങിയ രാജമൗലിയുടെ ഈ ഹിറ്റ് ചിത്രം ഇന്ത്യന്‍ സിനിമയില്‍ വന്‍ തരംഗമായിരുന്നു. 

ഒരു ഈച്ചയെ കേന്ദ്ര കഥാപാത്രമാക്കി എടുത്ത അത്ഭുത ചിത്രമെന്നാണ് നിരൂപകര്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന ആവശ്യം ആരാധകരും ആവശ്യപ്പെട്ടിരുന്നു. ബാഹുബലിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് രാജമൗലി ഇപ്പോള്‍. ഏപ്രില്‍ 28ന് ബാഹുബലി റിലീസ് ചെയ്തതിന് ശേഷം ഈച്ച 2ന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നാനി, സാമന്ത, കിച്ചാ സുദീപ് എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍.