നങ്ങേലി, ഇശക്കി ചാന്നാട്ടി, തിരുവിതാംകൂറിലെ റാണിമാർ, അറയ്ക്കൽ ബീവി, കുറിയേടത്ത് താത്രിക്കുട്ടി, അടുക്കള ഭേദിച്ചിറങ്ങിയ അന്തർജനങ്ങൾ പ്രതിഭ കൊണ്ട് കാലത്തെയും ശീലത്തെയും ചോദ്യം ചെയ്ത ഒരുപാട് പെണ്ണുങ്ങൾ
കാലത്തിന്റെആ ചുരികമാറ്റങ്ങൾക്കിയിൽ ക്ലാവ് പിടിക്കാതെ കൈരളിയുടെ ഓർമ്മത്തലപ്പിൽ വിളങ്ങുന്ന ഉറുമി. ആറ്റുംമണമ്മേലെ ഉണ്ണിയാർച്ച. വാഴുന്നോരുടെ കുടിപ്പകയ്ക്ക് വാൾത്തലയ്ക്കൽ ഉയിര് ഹോമിച്ച വാടകചേകോൻമാർക്ക് ഒരു അക്ഷരത്തെറ്റ്. സ്വന്തം മച്ചുനൻ തൊട്ട് നാദാപുരത്ത് അങ്ങാടിയിലെ മത്തഗജങ്ങൾവരെ, ഒരുമ്പെട്ടോൻ ആരായാലും ചതിക്കും അക്രമത്തിനും മുന്നിൽ നനമുണ്ടിനെപ്പോലും ഉറുമിയാക്കിയ ആർച്ചമാത്രം
ഒടുവിൽ ദീർഘായുസായി. വീരശൂരധീരതകൾക്ക് വഴങ്ങുക ആൺദേഹം മാത്രമല്ലെന്ന് അവൾ വീറോടെ തെളിയിച്ചപ്പോൾ പുടവ കൊടുത്ത കുഞ്ഞിരാമൻ വരെ വെറും പോക്കുവെയിലായി.
അങ്ങനെ പാണന്റെ മൺവീണയ്ക്ക് സ്ത്രൈണോർജ്ജത്തിന്റെ ഒരു രാഗമാലിക വീണുകിട്ടി, നമ്മുടെ പുരാവൃത്തത്തിന് ഏഴരപ്പകിട്ടും.
ചരിത്രം പാടേ വിട്ടുകളഞ്ഞ ചരിത്രത്തിലെ പെണ്ണാണ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ വിടവ്. ഈ സഹനങ്ങൾക്കും പോരാട്ടങ്ങൾക്കും നടുവിൽ വ്യവസ്ഥാപിത ചരിത്രം നിശബ്ദമായതിന്റെ പാപഭാരം ഈ സമൂഹത്തിന്റെ ഉച്ചിയിലുണ്ട്.
നങ്ങേലി, ഇശക്കി ചാന്നാട്ടി, തിരുവിതാംകൂറിലെ റാണിമാർ, അറയ്ക്കൽ ബീവി, കുറിയേടത്ത് താത്രിക്കുട്ടി, അടുക്കള ഭേദിച്ചിറങ്ങിയ അന്തർജനങ്ങൾ പ്രതിഭ കൊണ്ട് കാലത്തെയും ശീലത്തെയും ചോദ്യം ചെയ്ത ഒരുപാട് പെണ്ണുങ്ങൾ. പെണ്ണുയിർപ്പിന്റെ ഈ ആദിരൂപങ്ങൾ തോറ്റിയുണർത്തിയ ഈ കലാപങ്ങളിലൂടെയാണ് ചരിത്രവും വർത്തമാനവും പെണ്ണിനെ തിരിച്ചറിയാൻ തുടങ്ങിയത്.
ഒന്നുറപ്പ് ഏത് കാലത്തും ഏത് അധികാരത്തിന് നേരെയും സ്ത്രീത്വം പൊരുതി അവർക്ക് സാധ്യമായ രീതിയിൽ.
ആ പോരാട്ടത്തിന്റെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി പുരസ്കാരത്തിന്റെ ഭാഗമായി ഒരുക്കിയ പ്രത്യേക പരിപാടി. അധ്വാനം കൊണ്ട് , വിവേകം കൊണ്ട്, പ്രതിഭ കൊണ്ട്, നിശ്ചയക്കരുത്ത് കൊണ്ട് , സർവോപരി സ്വകീയവ്യക്തിത്വം കൊണ്ട് അവകാശങ്ങൾ ആർജ്ജിച്ച മലയാളി സ്ത്രീചരിത്രത്തിന്റെ ഒന്നാം ഭാഗം കാണാം.
