സണ്ണി ലിയോണിന്‍റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാകും ഇത്. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബറില്‍ വലിയ പരിപാടിയായി നടത്താനാണ് അണിയറക്കാരുടെ നീക്കം

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് പുറത്തിറങ്ങാനിരിക്കുകയാണ്. ചിത്രത്തിലെ മാണിക്യമലരായ പൂവി എന്നു തുടങ്ങുന്ന ഗാനവും ഗാനത്തില്‍ പ്രിയ വാര്യരുടെ കണ്ണിറുക്കലും ഹിറ്റായതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതിനിടെയാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത എത്തിയിരിക്കുന്നത്. ഒമര്‍ ലുലുവന്‍റെ പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നത് സാക്ഷാല്‍ സണ്ണി ലിയോണാണ്. ജയറാം, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹണി റോസ്, വിനയ് ഫോര്‍ട്ട് തുടങ്ങിയ താരനിരയോടൊപ്പം സണ്ണി ലിയോണും ചേരുന്ന ചിത്രമാണ് ഒമര്‍ ലുലു ഒരുക്കുന്നത്. 

സണ്ണി ലിയോണിന്‍റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാകും ഇത്. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബറില്‍ വലിയ പരിപാടിയായി നടത്താനാണ് അണിയറക്കാരുടെ നീക്കം. കോമഡി എന്‍റര്‍ടെയ്നറാണ് ചിത്രം. അടുത്ത വര്‍ഷം മാര്‍ച്ചിലായിരിക്കും ചിത്രം ഷൂട്ടിങ് ആരംഭിക്കുന്നത്. സണ്ണിയുടെ കഥാപാത്രത്തെ കുറിച്ചൊന്നും തീരുമാനമായിട്ടില്ലെങ്കിലും ഡിസംബറില്‍ ഒദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന വിവരം. 

കേരളത്തില്‍ വലിയ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. കൊച്ചിയില്‍ മൊബൈല്‍ ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ വന്‍ ജനക്കൂട്ടമായിരുന്നു എത്തിയത്. അന്ന് മലയാളികളുടെ സ്നേഹം മനസിലായെന്നായിരുന്നു സണ്ണി പറഞ്ഞത്. അന്നു മുതല്‍ സണ്ണി മലയാളത്തിലേക്കും എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. നേരത്തെ ഒമര്‍ ലുലു ചിത്രത്തില്‍ പോണ്‍ സ്റ്റാര്‍ മിയ ഖലീഫ അഭിനയിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ചങ്ക്സ് ടുവില്‍ മിയ ഖലീഫ എത്തുമെന്നായിരുന്നു വാര്‍ത്ത എന്നാല്‍ ഇത് ശരിയല്ലെന്ന് സംവിധായകന്‍ തന്നെ സ്ഥിരീകരിച്ചിരുന്നു.