വഡോദര: 'ഈ നവരാത്രി ആഘോഷിക്കൂ, സ്‌നേഹത്തോടെ' ഈ നവരാത്രി ആശംസ മോശമാണോ. എന്നാല്‍ ഇങ്ങനെയൊരു ആശംസ കൊണ്ട് പുലിവാല്‍ പിടിച്ചിരിക്കുകയാണ് നടി സണ്ണി ലിയോണ്‍. കോണ്ടത്തിന്‍റെ പരസ്യത്തിനൊപ്പമാണ്, നവരാത്രി ആഘോഷിക്കൂ സ്‌നേഹത്തോടെയെന്ന ആശംസയും എത്തിയത്. ഇതോടെ വിവാദങ്ങളും തലപൊക്കി. 'നവരാത്രി ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം പുണ്യകാലമാണ്. ആ കാലത്ത് എന്താണ് ഗര്‍ഭനിരോധന ഉറകള്‍ക്ക് പ്രസക്തി?' ഈ പരസ്യത്തിനെതിരെ പരാതി നല്‍കിയ ഹിന്ദു സംഘടനകള്‍ പറയുന്നത്.

പരസ്യ ബോര്‍ഡുകള്‍ ഉത്തരേന്ത്യയിലെങ്ങും വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വഡോദരയിലാണ് ബോര്‍ഡുകള്‍ ആദ്യം പ്രതിഷേധത്തിന് ഇടയാക്കിയത്. ഹിന്ദു സംസ്‌കാരത്തെ അധിക്ഷേപിക്കുന്നതാണ് കോണ്ടത്തിന്റെ ഈ പരസ്യം എന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് പരസ്യം ഇന്ത്യന്‍ സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്ന് കാണിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്, കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി റാം വിലാസ് പസ്വാന് നല്‍കി. 

നവരാത്രിയെ കോണ്ടം വില്‍പ്പനയിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അവരുടെ പരാതിയില്‍ പറയുന്നു. പരസ്യം നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിര്‍മ്മാതാക്കള്‍ക്കും ബ്രാന്‍ഡ് അംബാസിഡര്‍ ആയ സണ്ണി ലിയോണിനുമെതിരെ നടപടി വേണമെന്നും പരാതിയില്‍ ചൂണ്ടികാട്ടി. വിവാദം ശക്തമായതോടെ ഗുജറാത്തില്‍ പലയിടത്തും ബോര്‍ഡുകള്‍ എടുത്തുമാറ്റി.