'വെള്ളിത്തിര'യുടെ കാലത്ത് പൃഥ്വി നല്‍കിയ അഭിമുഖം
സിനിമയ്ക്ക് അകത്തോ പുറത്തോ ഉള്ള വിഷയങ്ങളില് സ്വന്തം നിലപാട് തുറന്നുപറയാന് മടി കാട്ടാത്ത താരങ്ങള് കുറവാണ്. പ്രേക്ഷകരിലെ ഒരു വിഭാഗത്തിന്റെ അതൃപ്തി സമ്പാദിക്കുമോ എന്ന് ഭയന്ന്, തങ്ങളുടെ താരമൂല്യത്തിലുള്ള അമിത കരുതല് മൂലം സിനിമയിലെ വലിയ പേരുകാരൊക്കെ മിക്ക വിഷയങ്ങളിലും നിശബ്ദത പാലിക്കുമ്പോള് അതില്നിന്ന് വ്യത്യസ്തനാണ് പൃഥ്വിരാജ്. തന്റെ താരമൂല്യത്തെ വകവെക്കാതെ എക്കാലവും നിലപാടുകള് തുറന്നുപ്രകടിപ്പിച്ചിട്ടുണ്ട് അദ്ദേഹം. സിനിമയില് വന്ന കാലത്ത് ഇത്തരം അഭിപ്രായപ്രകടനങ്ങളെ പൃഥ്വിയുടെ 'അഹങ്കാരം' എന്ന് പ്രേക്ഷകരില് ഒരുവിഭാഗം പേരിട്ടുവിളിച്ചെങ്കില് ഇന്ന് അതിന് കൈയടികളാണ്. പൃഥ്വിരാജ് കരിയറില് എക്കാലവും ഉയര്ത്തിപ്പിടിച്ച നിലപാടുകളെക്കുറിച്ച് ഓര്മ്മിപ്പിക്കുകാണ് ഭാര്യ സുപ്രിയ മേനോന്.
കരിയറിന്റെ തുടക്കകാലത്ത് പൃഥ്വിരാജിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച ഒരു മാസികയുടെ കവര് ചിത്രം ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്തിരിക്കുകയാണ് സുപ്രിയ. ഭദ്രന്റെ സംവിധാനത്തില് 2003ല് പുറത്തിറങ്ങിയ വെള്ളിത്തിരയിലെ ലുക്കിലാണ് പൃഥ്വിയുടെ കവര് ചിത്രം. 'ഞാന് ആരെ പേടിക്കണം, ഇതൊരു ജനാധിപത്യ രാജ്യമല്ലേ' എന്നാണ് പൃഥ്വിയുടെ അഭിമുഖത്തിന് മാസിക കവറില് നല്കിയിരിക്കുന്ന തലക്കെട്ട്.
തുറന്ന അഭിപ്രായപ്രകടനങ്ങളുടെ പേരില് പൃഥ്വി കരിയറിലെ പലകാലത്തും പരിഹാസങ്ങള്ക്കും സൈബര് അറ്റാക്കുകള്ക്കും വിധേയനായിട്ടുണ്ട്. ഏറ്റവുമൊടുവില് ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയുടെ നടപടിയില് പ്രതിഷേധിച്ച് രാജിവച്ച നാല് നടിമാര്ക്കൊപ്പമാണ് തന്റെ നിലപാടെന്നും പൃഥ്വി പ്രഖ്യാപിച്ചിരുന്നു. പാര്വ്വതിയാണ് നായിക എന്നതിനാല് പൃഥ്വിയുടെ തീയേറ്ററിലെത്തിയ അവസാന രണ്ട് ചിത്രങ്ങള്ക്കെതിരേ ഒരു വിഭാഗം തിരിഞ്ഞിരുന്നു. പൃഥ്വിയും പാര്വ്വതിയും അഭിനയിച്ചു എന്ന കാരണത്താല് തന്റെ സിനിമ തീയേറ്ററില് തഴയപ്പെട്ടെന്ന് മൈ സ്റ്റോറി സംവിധായിക റോഷ്നി ദിനകര് പരസ്യമായി പറഞ്ഞിരുന്നു. മൈ സ്റ്റോറിയോളമില്ലെങ്കിലും അഞ്ജലി മേനോന് ചിത്രം കൂടെയ്ക്കും തീയേറ്ററുകളില് ചെറിയ തോതില് ഒരു വിഭാഗം പ്രേക്ഷകരുടെ എതിര്പ്പുണ്ട്.
