മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത 'പേരന്‍പി'ന്റെ തമിഴ്‌നാട് വിതരണാവകാശം വിറ്റുപോയി. ലൈറ്റ് വെയ്റ്റ് എന്ന കമ്പനിയാണ് വിതരണാവകാശം സ്വന്തമാക്കിയതെന്ന് റാം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഫെബ്രുവരിയില്‍ ചിത്രം തീയേറ്ററുകളിലെത്തുന്ന വിവരം നിര്‍മ്മാതാക്കള്‍ നേരത്തേ പുറത്തുവിട്ടിരുന്നു.

മമ്മൂട്ടിയുടെ സമീപകാല കരിയറിലെ ഏറ്റവും ശ്രദ്ധേയ പ്രകടനമെന്ന് വിലയിരുത്തപ്പെട്ട ചിത്രമാണ് പേരന്‍പ്. കഴിഞ്ഞ വര്‍ഷത്തെ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ നടന്ന ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ഇക്കഴിഞ്ഞ ഗോവ ചലച്ചിത്ര മേളയിലായിരുന്നു. ഡെലിഗേറ്റുകളില്‍ നിന്ന് വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. 

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ അമുദന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ, ശാരീരിക വൈകാരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനാണ് മമ്മൂട്ടിയുടെ കഥാപാത്രം. അച്ഛനും മകള്‍ക്കും കടന്നുപോകേണ്ടിവരുന്ന ദുര്‍ഘടമായ ജീവിതസാഹചര്യങ്ങളിലേക്കാണ് റാമിന്റെ ഫോക്കസ്. മമ്മൂട്ടിയുടെ സാന്നിധ്യത്താല്‍ ഏറെക്കാലമായി മലയാളി പ്രേക്ഷകര്‍ക്കിടയിലും കാത്തിരിപ്പുള്ള ചിത്രമാണ് പേരന്‍പ്.