ജൂലൈയില്‍ തീയേറ്ററുകളില്‍ എത്തിയേക്കും
പ്രീ-റിലീസ് പബ്ലിസിറ്റിയുടെ കാര്യത്തില് ഇത്രയധികം പരീക്ഷണങ്ങള് നടത്തിയ മറ്റൊരു ചിത്രം ഉണ്ടാവില്ല, സി.എസ്.അമുദന്റെ തമിഴ് പടം സീക്വല് പോലെ. പ്രോജക്ട് പ്രഖ്യാപിച്ചത് മുതല് ഇതുവരെയുള്ള വിവിധ ഘട്ടങ്ങളില് ചിത്രത്തിന്റെ സ്പൂഫ് സ്വഭാവം ഉള്ക്കാണ്ടാണ് പ്രചരണ തന്ത്രങ്ങളും അണിയറക്കാര് മെനഞ്ഞത്. പ്രഖ്യാപിച്ച ഡേറ്റില് റിലീസ് ചെയ്യാന് കഴിയാത്ത ബിഗ് ബജറ്റ് സിനിമകളെ ട്രോളിയായിരുന്നു ഒരു പ്രചരണം. തങ്ങളും റിലീസ് തീയ്യതി മാറ്റുകയാണെന്നും വിഎഫ്എക്സ് പൂര്ത്തീകരിക്കാനുണ്ടെന്നുമായിരുന്നു വിശദീകരണം. നായകന്റെ മസില് പെരുപ്പിക്കുന്നത് കാലിഫോര്ണിയയിലും നായികയുടെ കണ്ണിന് താഴെയുള്ള കറുപ്പ് മാറ്റുന്നത് ആംസ്റ്റര്ഡാമിലെ സ്റ്റുഡിയോയിലുമാണെന്നൊക്കെ വിശദീകരണം നീണ്ടു. പിന്നാലെ പുറത്തെത്തിയ ടീസര് ട്രോളന്മാര്ക്കുള്ള പാഠപുസ്തകം പോലെയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ പേരില് ചെറിയ തിരുത്ത് വരുത്തി രംഗത്തെത്തിയിരിക്കുകയാണ് അണിയറക്കാര്. അതും പ്രചരണത്തിന്റെ ഭാഗം തന്നെ.
തമിഴ് പടം 2.0 എന്നായിരുന്നു ചിത്രത്തിന് നല്കിയിരുന്ന പേര്. എന്നാല് പൂജ്യത്തിന് വിലയൊന്നുമില്ലെന്ന് തങ്ങള്ക്ക് മനസിലായെന്നും അതിനാല് സിനിമയുടെ മാറ്റംവരുത്തിയ പേര് തമിഴ്പടം 2 എന്ന് മാത്രമായിരിക്കുമെന്നും നിര്മ്മാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസ് വാര്ത്താക്കുറിപ്പിറക്കി. ഷങ്കര്-രജനി ചിത്രം 2.0യെ ഉദ്ദേശിച്ചാണ് ഇതെന്ന് വ്യക്തം. ബുധനാഴ്ച നിര്മ്മാതാവ് ശശികാന്തിനൊപ്പമുള്ള തന്റെ ചിത്രം സംവിധായകന് ട്വിറ്ററില് പോസ്റ്റ് ചെയ്തിരുന്നു. ഏറെ വിഷണ്ണനായി തല കുമ്പിട്ടിരിക്കുന്ന നിര്മ്മാതാവിനെ സംവിധായകന് ആശ്വസിപ്പിക്കുന്ന മട്ടിലായിരുന്നു ചിത്രം. നിര്മ്മാതാവ് ചിത്രം കണ്ടു എന്നായിരുന്നു ചിത്രത്തിനൊപ്പമുള്ള അമുദന്റെ കുറിപ്പ്. ശിവ, ദിഷ പാണ്ഡെ, ഐശ്വര്യ മേനോന്, സതീഷ് എന്നിവര് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജൂലൈയില് തീയേറ്ററുകളിലെത്തുമെന്ന് കരുതപ്പെടുന്നു.
