ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് തെളിയിക്കുകയാണ് ഒരു വീഡിയോ. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥികളാണ് ഇതിനു പിന്നില്‍. പാട്ടും ഡാന്‍സുമായി താരത്തിന്റെ സിനിമ പ്രവേശന വാര്‍ഷികം അവര്‍ ആഘോഷമാക്കി. തന്നെ അമ്പരപ്പിച്ച വീഡിയോ സമൂഹമാധ്യമത്തിലൂടെ ദുല്‍ഖര്‍ പങ്കുവച്ചതോടെ സംഗതി വൈറലായി. 

ഊര്‍ജ്ജസ്വലമായി ചുവടുവെച്ച ഈ യുവ സൂപ്പര്‍താരങ്ങള്‍ക്ക് ഉമ്മകള്‍ സമ്മാനിക്കുന്നുവെന്ന് പറഞ്ഞാണ് ദുല്‍ഖറിന്റെ പോസ്റ്റ്. സോളോ എന്ന സിനിമയിലെ പാട്ടിനൊപ്പം കോളജിലെ നൂറിലേറെ വിദ്യാര്‍ഥികള്‍ ചുവടുവെച്ചാണ് വിഡിയോയുടെ ആരംഭം. ടീം ദുല്‍ഖറിസം എന്ന പേരിലാണ് വിഡിയോ. ദുല്‍ഖറിന്റെ ചിത്രം പതിച്ച ടീ ഷര്‍ട്ട് അണിഞ്ഞായിരുന്നു ആവേശകരമായ നൃത്തം.