തൃശൂര്‍ സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ ചുമതലയുള്ള പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.എസ് ശെല്‍വരാജ്.

തൃശൂര്‍: സത്യന്‍ മാഷ്, ജഗനാഥ വര്‍മ്മ, അബു സലീം എന്നിങ്ങനെ പൊലീസ് കുടുംബത്തില്‍ നിന്നും മലയാള സിനിമയിലെത്തി വ്യക്തിമുദ്ര പതിപ്പിച്ച അഭിനയ പ്രതിഭകള്‍ നിരവധിയാണ്. അക്കൂട്ടത്തിലേക്ക് എഴുത്തുക്കാരനായി ഒരാള്‍ കടന്നു വരികയാണ്; തൃശൂര്‍ സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ ചുമതലയുള്ള പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.എസ് ശെല്‍വരാജ്. ഐവാനിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അംബികാ നന്ദകുമാര്‍ നിര്‍മ്മിച്ച് യുവ സംവിധായകന്‍ പ്രകാശ് കുഞ്ഞന്‍ മൂരായില്‍ സംവിധാനം ചെയ്യുന്ന 'തനഹ'യുടെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചാണ് ശെല്‍വരാജ് മലയാളസിനിമയിലേക്കെത്തുന്നത്.

കെ.എസ് ശെല്‍വരാജ്

ഒരു പൊലീസുക്കാരന്‍ പറയുന്ന കഥയായതിനാല്‍ ഇതൊരു പോലീസ് കഥ മാത്രമാണെന്ന് കരുതേണ്ടതില്ല. സമൂഹത്തില്‍ എന്നും ദുരിതം മാത്രം അനുഭവിക്കാന്‍ വിധിക്കപ്പെട്ട സാധാരണ കുടുംബങ്ങളുടെയും സാമൂഹ്യ വിപാത്തായി മാറികൊണ്ടിരിക്കുന്ന കൊള്ള പലിശക്കാരുടെ പിടിയിലകപ്പെട്ട് പോകുന്നവരുടെയും അത്യന്തം വികാര തീക്ഷ്ണതയുള്ള ജീവിത മുഹൂര്‍ത്തങ്ങളും സിനിമയില്‍ കാണാം. ശ്രീജിത് രവി, ഹരിഷ് കണാരന്‍, സാജു കൊടിയന്‍, ശരണ്യാ ആനന്ദ്, ശ്രുതി ബാല, താരാ കല്യാണ്‍ തുടങ്ങിയ നിരവധി താരങ്ങള്‍ അഭിനയിക്കുന്നു. ചിത്രത്തിലെ പൊലീസ് കഥാപാത്രങ്ങളായി യഥാര്‍ത്ഥ പൊലീസുക്കാര്‍ തന്നെ വേഷമിടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 

എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരില്‍ ജനിച്ച് വളര്‍ന്ന ഇദ്ദേഹം തൃശൂരിലെ പുതൂര്‍ക്കരയിലാണ് താമസിക്കുന്നത്. ശ്രീ കേരളവര്‍മ്മ കോളേജിലെ ഹിന്ദി വിഭാഗം മേധാവി ഡോ.കെ.രാജേശ്വരിയാണ് ഭാര്യ. മക്കളായ നിവേദിതയും നവനീതും സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളാണ്.