റിയാലിറ്റി ഷോ മല്‍സരാര്‍ത്ഥിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും അനുകരിക്കുന്നതില്‍ വിലക്ക്. മിമിക്രി കലാകാരനായ ശ്യാം രംഗീലയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ദ ഗ്രേറ്റ് ഇന്ത്യന്‍ ലാഫ്ററര്‍ ചലഞ്ച് എന്ന പരിപാടി അവതരിപ്പിക്കുമ്പോഴാണ് ശ്യാമിന് ഈ നിര്‍ദേശം ലഭിച്ചതെന്നാണ് ആരോപണം. 

ആരേയും വ്യക്തിപരമായി മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല മിമിക്രി ചെയ്യുന്നതെന്നും കഴിവിന് അനുസരിച്ച് പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ശ്യാം പറഞ്ഞു. പൊതുപ്രവര്‍ത്തകരെ അനുകരിക്കുന്നതില്‍ ഏറെ ശ്രദ്ധേയനാണ് ശ്യാം. 

എന്നാല്‍ ഷൂട്ടിങ്ങിനിടയില്‍ പ്രധാനമന്ത്രിയെ അനുകരിക്കരുതെന്നും രാഹുല്‍‌ ഗാന്ധിയെ അനുകരിക്കാമെന്നും നിര്‍ദേശം ലഭിച്ചെന്നും ശ്യാം ആരോപിക്കുന്നു. ഇതനുസരിച്ച് പുതിയ പരിപാടി തയ്യാറാക്കി ചെയ്ത സമയത്ത് രാഹുല്‍ ഗാന്ധിയേയും അനുകരിക്കാന്‍ പാടില്ലെന്ന നിര്‍ദേശമെത്തുകയായിരുന്നെന്നും ശ്യാം വിശദമാക്കി. ഷോയുടെ ഭാഗമാവുക തന്റെ വലിയ സ്വപ്നമായിരുന്നെന്നും എന്നാല്‍ അത് ഇപ്പോള്‍ പേടി സ്വപ്നമായിരിക്കുകയാണെന്നും ശ്യാം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാന്‍ സ്വദേശിയാണ് ശ്യാം രംഗീല. 

പ്രധാനമന്ത്രിയേയും രാഹുല്‍ ഗാന്ധിയേയും ശ്യാം അനുകരിച്ചത് സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. വീഡിയോ ക്ലിപ് എങ്ങനെ ഇന്റര്ർനെറ്റില്‍ എത്തിയെന്നത് അറിയില്ലെന്നും ശ്യാം പറഞ്ഞു. പ്രമുഖനടന്‍ അക്ഷയ് കുമാര്‍ ജഡ്ജ് ആയ പരിപാടിയാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ ലാഫ്ററര്‍ ചലഞ്ച്.