ബോളിവുഡിലെ ആദ്യ അവിവാഹിത അച്ഛനായി തുഷാർ കപൂർ. വാടക ഗർഭധാരണത്തിലൂടെ പിറന്ന ആൺകുട്ടിക്ക് ലക്ഷ്യ എന്നാണ് പേരിട്ടത്. മുംബൈ ജസ്‍ലോക് ആശുപത്രിയിൽ തനിക്കൊരു മകൻ പിറന്നെന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് തുഷാർ കപൂർ അറിയിച്ചത്. മകന്‍റെ അച്ഛനായ ശേഷമുള്ള താരത്തിന്‍റെ വാർത്താസമ്മേളനം പതിവിലും സന്തോഷത്തോടെ.

ഇക്കഴിഞ്ഞ മാർച്ചിൽ അമേരിക്കൻ പര്യടനത്തിന് പോയപ്പോൾ കുഞ്ഞുടുപ്പു വാങ്ങിയും, വീട്ടിൽ കുഞ്ഞുമുറി തയ്യാറാക്കിയുമൊക്കെ കാത്തിരുന്നതുമൊക്കെ തുഷാർ  വെളിപ്പെടുത്തി.ലക്ഷ്യയെന്ന ലക്ഷ്യത്തിലെത്താൻ ധൈര്യം തന്ന അച്ഛനമ്മമാർക്ക് നന്ദി പറയാനും താരം മറന്നില്ല.

 

എനിക്ക് ഈ വർഷം 40 വയസ്സാകും.അച്ഛനാവുകയെന്ന ആഗ്രഹം ഇനിയും നീട്ടിക്കൊണ്ടുപോകാൻ എനിക്കാകുമായിരുന്നില്ല.ഇപ്പോൾ ഞങ്ങളുടെ കുടുംബം പൂർണ്ണമായി പിന്തുണയ്ക്കുന്നുണ്ട് അവർ വലിയ സന്തോഷത്തിലാണ്,ഒരു കുഞ്ഞിന്റെ അച്ഛനാകുകയെന്ന എന്റെ ആഗ്രഹത്തിനൊപ്പം അവർ നിന്നു.എന്റെ മകൻ കാഴ്ചയിൽ എന്നെപ്പോലെ  തന്നെ, സന്തോഷിക്കാൻ ഇതിലധികം എന്തുവേണം - തുഷാര്‍ കപൂര്‍

തുഷാറിന്‍റെ മാതാപിതാക്കളുടെ ആദ്യ പേരക്കുട്ടിയാണ് ലക്ഷ്യ. വാടകഗര്‍ഭധാരണം എന്നത് ഇപ്പോള്‍ താരങ്ങള്‍ക്കിടയില്‍ ഒരു അപൂര്‍വ്വതയല്ല. ആമിര്‍ ഖാന്‍റെയും കിരണ്‍ റാവുവിന്‍റെയും മകന്‍ ആസാദ് വാടകഗര്‍ഭധാരണത്തിലൂടെ ജനിച്ചതാണ്.

ഷാരൂഖ് ഖാന്‍റെ മൂന്നാമത്തെ പുത്രന്‍ അബ്രാമും വാടകഗര്‍ഭധാരണത്തില്‍ പിറന്നവൻ തന്നെ. എന്നാൽ വിവാഹിതനാകാതെ അച്ഛനായ തുഷാർ കപൂർ അക്കൂട്ടത്തിലും അൽപം വ്യത്യസ്തൻ തന്നെ.