തൃശൂര്‍ ചാലക്കുടിയിലെ ഡി സിനിമാസ് തിയേറ്ററിന്റെ രേഖകള്‍ ഹാജരാക്കാന്‍ ദിലീപിന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. ഭൂമി കയ്യേറ്റമില്ലെന്ന സര്‍വ്വേ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. സെപ്റ്റംബര്‍ 14ന് പരാതിയില്‍ കളക്ടര്‍ അന്തിമവാദം കേള്‍ക്കും.

തൃശൂര്‍ ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയേറ്റര്‍ കയ്യേറ്റ ഭൂമിയിലാണെന്ന പരാതിയെത്തുടര്‍ന്നാണ് ജില്ലാകളക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്. ഡിസിനിമാസിനായി ഭൂമി കയ്യേറിയിട്ടില്ലെന്നും ഒന്നര സെന്‍റ് സ്വകാര്യ ക്ഷേത്രത്തിന്റെ ഭൂമി മാത്രമാണ് അധിമകമായുള്ളതെന്നും സര്‍വ്വേ സൂപ്രണ്ട് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഡിസിനിമാസിന്റെ രേഖകള്‍ ഹാജരാക്കാന്‍ തൃശൂര്‍ കളക്ടര്‍ എ കൗശികന്‍ ദിലീപിന് നി‍ര്‍ദ്ദേശം നല്‍കിയത്. സെപ്റ്റംബര്‍ 14ന് അന്തിമവാദം കേള്‍ക്കുന്നതിന് മുമ്പായി രേഖകള്‍ ഹാജരാക്കണം. പരാതിക്കാര്‍ കളക്ടറെ നേരിട്ട് കണ്ട് രേഖകള്‍ ഹാജരാക്കിയിട്ടുണ്ട്. അന്തിമവാദം കൂടി കഴിഞ്ഞ ശേഷം പരാതിയില്‍ കളക്ടര്‍ തീരുമാനമെടുക്കും. രണ്ട് തവണ പരിശോധന നടന്നപ്പോഴും കയ്യേറ്റമില്ലെന്നാണ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയത്.