ചെന്നൈ: ഈ വര്‍ഷമാധ്യമാണ് നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയമാണെന്ന വാര്‍ത്ത ഗോസിപ്പ് കോളങ്ങളില്‍ വളരെ നേരത്തേ തന്നെ ഇടംപിടിച്ചിരുന്നു. 2010 ല്‍ റിലീസായ 'യേ മായ ചെസേവ' എന്ന തെലുങ്കു സിനിമയിലാണ് ഇവര്‍ ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്.

ഇതേ സിനിമയുടെ സെറ്റില്‍വെച്ചാണ് ഇവര്‍ തമ്മില്‍ പ്രണയത്തിലാകുന്നതും. എന്നാല്‍ സാമന്തയോടുള്ള തന്‍റെ പ്രണയത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞ കാര്യം നാഗചൈതന്യ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍. 2009 മുതല്‍ സാമന്തയുമായി ഗാഢപ്രണയത്തിലാണെങ്കിലും ഇതേക്കുറിച്ച് വീട്ടില്‍ പറയാതിരുന്ന ചൈതന്യ സാമന്ത അയച്ച ഒരു മെസേജ് വീട്ടുകാരെ കാട്ടിയാണ് വിഷയം അവതരിപ്പിച്ചത്.

ഇനിയും തന്‍റെ കാര്യം വീട്ടില്‍ പറഞ്ഞില്ലെങ്കില്‍ രാഖി കെട്ടി സഹോദരനാക്കുമെന്നായിരുന്നു സാമന്ത അയച്ച സന്ദേശം. മെസേജ് വായിച്ച് ഞെട്ടിപ്പോയ നാഗചൈതന്യ ഉടന്‍ തന്നെ വീട്ടില്‍ സാമന്തയെ കുറിച്ച് പറയുകയും വിവാഹത്തിന് വീട്ടുകാരുടെ സമ്മതം വാങ്ങുകയുമായിരുന്നു.