ഹൈദരബാദ്: തെലുങ്ക് സിനിമാ മേഖലയെ പിടിച്ചു കുലുക്കിയ മയക്കുമരുന്ന് ഇടപാട് കേസില്‍ രാമനായിഡു സ്റ്റുഡിയോയില്‍ റെയ്ഡ് നടത്തി എക്‌സൈസ് സംഘം. നടന്‍ റാണ ദഗുപതിക്ക് വിദേശത്ത് നിന്ന് വന്ന പാഴ്‌സല്‍ പരിശോധിക്കാനായിരുന്നു സംഘം എത്തിയത്.

കൊറിയര്‍ സര്‍വീസ് കമ്പനിയില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് സംഘം എത്തിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കാനക ദുര്‍ഗയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. റാണ അടക്കമുള്ള താരങ്ങള്‍ നിരീക്ഷണത്തിലാണെന്നാണ് ഇത് തെളിയിക്കുന്നതെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിശോധയ്ക്ക് ശേഷം നിര്‍മ്മാതാവും റാണയുടെ പിതാവുമായ ദഗ്ഗുപതി സുരേഷ് ബാബു ഇക്കാര്യത്തോട് പ്രതികരിച്ചു. പാര്‍സല്‍ ദുബായില്‍ നിന്ന് വന്ന ഒരുപകരണമായിരുന്നു. നടുവേദന മാറ്റാനുള്ള ഒരു ഉപകരണമായിരുന്നുവെന്നായിരുന്നു പ്രതികരണം. 

ഹോളണ്ടില്‍ നിന്നും മറ്റും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും മയക്കുമരുന്ന് കൊറിയര്‍ കമ്പനികള്‍ സിനിമാ മേഖലയില്‍ വിതരണം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് പൊലീസ് വിശദീകരണം തേടിയിരുന്നു.