കാസ്റ്റിംഗ് കൌച്ചിന്‍റെ ദുരനുഭവം വിവരിക്കുകയാണ് ടെലിവിഷന്‍ താരം സുലഗ്‌ന ചാറ്റര്‍ജി. ഒരു ഏജന്റ് തന്നെ സമീപിച്ചതായും അഡ്ജസ്റ്റ്‌മെന്റിനു തയ്യാറാണോ എന്നു ചോദിച്ചതായുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ആരോപണം ഉന്നയിച്ചതിനൊപ്പം ഏജന്‍റുമായി നടന്ന സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടും സുലഗ്‌ന പുറത്തുവിട്ടു.

ടെലിവിഷന്‍ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മുന്‍നിര താരങ്ങളോ നടന്മാരോ നിര്‍മാതാക്കളോ ഒന്നുമല്ല അഡ്ജസ്റ്റമെന്റ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഒരു സംവിധായകനുവേണ്ടിയാണെന്നു പറഞ്ഞുകൊണ്ട് സംസാരിക്കുന്നത് ഏജന്‍റ്. സംവിധായകന്‍ ആരെന്ന് ഏജന്‍റോ സുലഗ്‌നയോ വെളിപ്പെടുത്തിയിട്ടുമില്ല. എന്നോ ഒരിക്കല്‍ പരിചയപ്പെട്ട ഒരാളാണ് ഇപ്പോള്‍ മൊബൈലില്‍ ബന്ധപ്പെട്ടതെന്നു പറയുന്നു സുലഗ്‌ന. അയാളെ പരിചയമില്ല. ഇപ്പോള്‍ ഓര്‍ക്കുന്നുപോലുമില്ല. പെട്ടെന്നൊരു ദിവസം അയാള്‍ സന്ദേശം അയക്കുകയായിരുന്നു.

ഇതൊരു വിട്ടുവീഴ്ച ആവശ്യമുള്ള പ്രോജക്റ്റാണ്. മുഴുവന്‍ പണവും നല്‍കി, ഷൂട്ടിങ് കഴിഞ്ഞശേഷം മതി. ഇതില്‍ താത്പര്യമുണ്ടോ, എന്നായിരുന്നു ചോദ്യം. വിട്ടുവീഴ്ചയ്ക്കില്ലെന്ന് സുലഗ്‌ന പറഞ്ഞപ്പോള്‍ എനിക്കല്ല, സംവിധായകന്റെ ആവശ്യമാണെന്നായി ഇടനിലക്കാരന്‍. ആരുടെ ആവശ്യമാണെങ്കിലും എന്നെ കിട്ടില്ലെന്ന് പിന്നെ മുഖത്തടിച്ചപോലെ മറുടപടി കൊടുത്തു നടി. ഇറ്റ്‌സ് ഓക്കെ ഡിയര്‍ എന്നു പറഞ്ഞ് തടിയൂരുകയും ചെയ്തു ഇടനിലക്കാരന്‍.

ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് സുലഗ്‌ന ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. ഇതുപോലുള്ള ഓഫറുകള്‍ സര്‍വസാധാരണമാകുമ്പോള്‍ അത് നമ്മളെ ബാധിക്കുകയേ ഇല്ല എന്നാണ് ഈ പോസ്റ്റിന് സുലഗ്‌നയിട്ട കുറിപ്പ്. പബ്ലിസിറ്റിയൊന്നും ആഗ്രഹിച്ചല്ല താന്‍ ഈ പോസ്റ്റിട്ടതെന്ന് സുലഗ്‌ന പിന്നീട് ഒരു വെബ്‌സൈറ്റിനോട് വിശദീകരിച്ചു. ഒരു വര്‍ക്കിനുവേണ്ടിയാണ് ഈ ഏജന്റിന് നമ്പര്‍ കൊടുത്തത്. എന്നാല്‍, അതാരാണെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. 

ബോളിവുഡിലെ ഒരു എ ലിസ്റ്റ് നടനൊപ്പമുള്ള ഒരു പരസ്യത്തിനുവേണ്ടിയാണ് ഇയാള്‍ മെസ്സേജ് അയച്ചത്. ഓഫര്‍ കേട്ടപ്പോള്‍ എനിക്ക് ആദ്യം സന്തോഷമാണ് ഉണ്ടായത്. ഒരു ദിവസത്തെ ഷൂട്ടിങ്ങേ ഉള്ളൂ എന്നു പറഞ്ഞപ്പോള്‍ സ്‌ക്രീന്‍ ടെസ്റ്റാണെന്നാണ് ആദ്യം വിചാരിച്ചത്. പിന്നീടാണ് അയാളുടെ സ്വരം മാറിയത്‌സുലഗ്‌ന പറഞ്ഞു. വിനോദവ്യവസായത്തിലെ പ്രമുഖരല്ല ഇടനിലക്കാരാണു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നു പറയുന്നു സുലഗ്‌ന. മുന്‍നിര നടന്‍മാരോ നിര്‍മാതാക്കളോ ഇങ്ങനെയെന്തെങ്കിലും ആവശ്യം എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല സുലഗ്‌ന പറയുന്നു.