സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു ഇരുവര്‍ക്കുമിടയിലുള്ള അകല്‍ച്ച

സംവിധായകന്‍ മേജര്‍ രവിക്കും നടന്‍ ഉണ്ണി മുകുന്ദനുമിടയിലുള്ള 'പ്രശ്നങ്ങള്‍' സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ചിട്ടുണ്ട്. ജോഷിയുടെ സംവിധാനത്തില്‍ 2014ല്‍ എത്തിയ സലാം കാശ്മീര്‍ എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ച് ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങളുണ്ടായെന്നായിരുന്നു പ്രചരണം. മേജര്‍ രവിക്കെതിരായ ട്രോളുകളിലും പലപ്പോഴും ഇത് പരാമര്‍ശിക്കപ്പെട്ടു. എന്നാല്‍ ഇരുവരും ഈ വിഷയത്തില്‍ മൗനം പാലിക്കുകയായിരുന്നു, ഇത്രനാളും. എന്നാല്‍ തങ്ങള്‍ക്കിടയില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നെന്നും എല്ലാം പരിഹരിക്കപ്പെട്ടെന്നും ആദ്യമായി തുറന്നുപറയുകയാണ് ഉണ്ണി മുകുന്ദന്‍. മേജര്‍ രവിയുടെ അറുപതാം പിറന്നാളിന് ആശംസകളുമായെത്തിയ സിനിമാപ്രവര്‍ത്തകരില്‍ ഒരാള്‍ ഉണ്ണി ആയിരുന്നു. ഇന്ന് രാവിലെ ഫേസ്ബുക്ക് പേജിലിട്ട കുറിപ്പില്‍ മേജര്‍ രവിയാണ് ഇക്കാര്യം ആദ്യമായി അറിയിച്ചത്. ഉണ്ണി പിറന്നാള്‍ ആഘോഷത്തിന് എത്തിയത് തനിക്ക് സര്‍പ്രൈസ് നല്‍കിയെന്നും വലിയ സന്തോഷം തോന്നിയെന്നും മേജര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

പരിപാടിയില്‍ പങ്കെടുത്ത ഉണ്ണിയും ഇരുവര്‍ക്കുമിടയിലുണ്ടായിരുന്ന പ്രശ്നത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ പ്രേക്ഷകരുമായി സംവദിച്ചു.

" ജീവിതം അങ്ങനെയാണ്, എപ്പോഴും സര്‍പ്രൈസുകള്‍ കാത്തുവെക്കുന്നത്. മേജര്‍ രവിയുടെ അറുപതാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിനരികില്‍ നില്‍ക്കുന്നത് എനിക്ക് വൈകാരികമായാണ് അനുഭവപ്പെട്ടത്. അദ്ദേഹത്തില്‍ നിന്ന് ലഭിച്ച ക്ഷണം നിഷേധിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. ഒരു ദിവസം സംഭവിക്കേണ്ടതുതന്നെയായിരുന്നു ഇത്. ഞങ്ങള്‍ ഇരുവരും ഉള്ളിലുള്ളത് അതേപോലെ പ്രകടിപ്പിക്കുന്ന ആളുകളാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോഴിതാ ഞങ്ങളുടെ മാനസികമായ സമാനത എല്ലാത്തരം ഊഹാപോഹങ്ങളെയും വേദനയെയും അകലത്തെയുമൊക്കെ മറികടന്നിരിക്കുകയാണ്. 

അദ്ദേഹത്തിനെതിരേ നടന്ന വ്യക്തിപരമായ പല ആക്രമണങ്ങളിലും ഞങ്ങള്‍ക്കിടയിലെ കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. അവ പലപ്പോഴും എന്‍റെ കണ്ണ് തുറപ്പിക്കുന്നവയായിരുന്നു. അക്കാലയളവില്‍ ഞങ്ങളുടെ നന്മയെക്കരുതി നിന്നവര്‍ ഉണ്ടായിരുന്നു. പോംവഴികളെക്കുറിച്ച് ആലോചിച്ചവര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം.ബാദുഷയെപ്പോലെയുള്ളവര്‍. 

പക്വത എന്നാല്‍ മാന്യതയുടെ പരിധികള്‍ക്കകത്ത് നിന്ന് ചിന്തിക്കാനും സംസാരിക്കാനുമുള്ള കഴിവാണ്. മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിങ്ങള്‍ എങ്ങനെ പെരുമാറിയെന്നും എങ്ങനെ പരിണമിച്ചുവെന്നുമൊക്കെയാണ് പക്വതയുടെ തെളിവ്. പ്രിയപ്പെട്ട മേജര്‍ രവിക്ക് ആരോഗ്യവും സന്തോഷവും സ്നേഹവും ആശംസിക്കുന്നു, ഈ പിറന്നാള്‍ ദിനത്തില്‍."