അപ്രതീക്ഷിതമായി വന്ന ഒരു ഫോണ്‍കോളിനെക്കുറിച്ചോര്‍ത്ത് ഇപ്പോഴും അമ്പരന്നിരിക്കുകയാണ് മലയാളത്തിന്‍റെ പ്രിയ നടന്‍ രാജേഷ് ശര്‍മ്മ. ‘ബ്രദർ, നീങ്ക നല്ലാ നടിച്ചിരുക്ക്​. എനക്ക്​ അന്ത ക്യാരക്​ടറും ഉങ്കളെയും റൊമ്പ പുടിച്ചിരിക്ക്​.....’ മൊബൈലി​ൻ്റെ മറുതലക്കലില്‍ നിന്ന്​ കേട്ടത്​ തമിഴകത്തിൻ്റെ പ്രിയനടൻ വിജയ്​ സേതുപതിയുടെ ശബ്​ദം. സേതുപതിയാണെന്ന് ​ തിരിച്ചറിഞ്ഞപ്പോൾ രാജേഷ്​ ശർമക്ക്​ തന്നെ സംശയം. കുറച്ചുനേരത്തേക്ക്​ ത​ൻ്റെ ശ്വാസം നിലച്ചുപോയെന്നാണ്​ രാജേഷ്​ തന്നെ ഫേസ്​ബുക്കിൽ കുറിച്ചത്​.

അന്നയും റസൂലും, എസ്ര, ചാര്‍ളി തുടങ്ങിയ മലയാള ചിത്രത്തിൽ അഭിനയിച്ച രാജേഷി​ൻ്റെ ആദ്യ തമിഴ്​ സിനിമയായ 'സിഗൈ' കണ്ടിട്ടാണ്​ നിനക്കാതെ വന്ന അഭിന്ദനം. വിജയ്​ സേതുപതിയുടെ വിളി ഉച്ചമയക്കത്തിൽ കണ്ട സ്വപ്​നമായിരുന്നോ എന്ന്​ പോലും തോന്നിയെന്ന്​ താരം ഫേസ്​ബുക്കിൽ കുറിച്ചു. സേതുപതിയുടെ വിളിയിൽ ഭാര്യക്കുണ്ടായ ആഹ്ലാദവും സംഭവം മകളോട്​ പറഞ്ഞപ്പോൾ ഉണ്ടായ അനുഭവവും താരം സരസമായി കുറിച്ചിട്ടുണ്ട്​.

ഒടുവിൽ ചെന്നൈയിൽ വെച്ച് കാണാമെന്ന ഉറപ്പിൽ അദ്ദേഹം "ബൈ" പറഞ്ഞുവെന്നും കുറച്ചു നേരം തൻ്റെ തലയ്ക്കകത്ത് കിളി പറന്നുവെന്നും പിന്നെ എൻ്റെ സ്ഥായീഭാവം ‘കിളിരസ’മായിരുന്നു (നവരസങ്ങളിൽ ഇല്ലാത്തത് )വെന്നും രാജഷ്​ കുറിക്കുന്നു.