ഇന്ന് പുറത്തിറങ്ങിയ ഇളയ ദളപതി വിജയുടെ തമിഴ് ചിത്രം തെരി ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തത് കൈയോടെ പിടികൂടി. പൊലീസിന്റെ കീഴിലുള്ള സൈബർ ഡോമാണ് സിനിമ അപ്ലോഡ് ചെയ്തപ്പോള്‍ തന്നെ പിടികൂടി നീക്കം ചെയ്തത്.
തമിഴ് മൂവി റോക്കേഴ്സ് എന്ന സൈറ്റിലാണ് ഉച്ചയോടെ വിജയുടെ സിനിമ അപ്‍ലോഡ് ചെയ്തത്. സൈബർഡോമിന്റെ പൈറസി ട്രാക്കർ എന്ന സോഫ്റ്റുവയർ വഴി അപ്പോൾ തന്നെ സൈബർ ഡോമം ജീവനക്കാർക്ക് വിവരം ലഭിച്ചു. സൈറ്റിലേക്ക് സിനിമ അപ്ലോഡ് ചെയ്യാനുള്ള നീക്കം തടസ്സപ്പെടുത്തി. സിനിമ ഡൗണ്‍ലോഡ് ചെയ്ത ഐപി അഡ്രസും കണ്ടെത്തി.
ഇതേ സൈറ്റിനെതിരെ നിരവധി പരാതികള്‍ ആന്റി പൈറസി സെല്ലിന് മുന്പും ലഭിച്ചിട്ടുണ്ട്. അടുത്തിടെ സൂപ്പർ ഹിറ്റുകളായ മലയാള ചിത്രങ്ങള്‍ ആക്ഷൻ ഹീറോ ബിജുവും മഹേഷിന്റെ പ്രതികാരവും ഇതേ സൈറ്റിൽ അപ്‍ലോഡ് ചെയ്യാനുള്ള ശ്രമം സൈബർ ഡോം തടസ്സപ്പെടുത്തിയിരുന്നു. മറ്റ് ചില സിനിമകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു, വ്യാജൻമാർക്കെതിരെ നടപടി തുടരുമെന്ന് കേരള പൊലീസിന്റെ സൈബർ ഡോം അറിയിച്ചു. സ്വകാര്യ കന്പനികളുടെ സാങ്കേതിവിദഗ്ദ്ധരുടെ സഹകരണത്തോടെയുള്ള കേരള പൊലീസിന്റെ സൈബർ അന്വേഷണ ഏജൻസിയാണ് ടെക്നോപാർക്ക് കേന്ദ്രമാക്കിയ പ്രവർത്തിക്കുന്ന സൈബർ ഡോം. ഐജി മനോജ് എബ്രഹാമാണ് സൈബർഡോമിന്റെ നോഡൽ ഓഫീസർ.
സൈബര്‍ ഡോം ഡെപ്യൂട്ടി കമാണ്ടന്റ് വര്‍ഗീസ് ബേബി രൂപകല്‍പ്പന ചെയ്ത സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ചാണ് വ്യാജനെ പിടികൂടിയത്.
