കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് നായകനായി എത്തുന്ന രാമലീല അടുത്ത ആഴ്ച തിയറ്ററുകളിലെത്തുകയാണ്. ഇതിനിടെ ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ നടന്‍ ജോയ് മാത്യു ഉള്‍പ്പെടെയുള്ളവര്‍ സിനിമയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ രാമലീല താന്‍ തിയറ്ററില്‍ തന്നെ പോയി കാണുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍.

'ചില ആളുകള്‍ അവരുടെ അഭിപ്രായത്തിലും കാഴ്ചപ്പാടിലും ആക്രോശിക്കുകയും അലറിച്ചിരിക്കുകയുമാണ്. അതില്‍ അധികവും വലിയ ശബ്ദത്തിലാണ്. നീതിക്ക് വേണ്ടിയാണ് ഇതൊക്കെ എന്ന് പറയുമ്പോഴും അത് സമൂഹത്തിനായാലും വ്യക്തികള്‍ക്കായാലും ദോഷമേ വരുത്തിവക്കൂ. അരുണ്‍ ഗോപിക്ക് അദ്ദേഹത്തിന്റേതായ മഹത്വമുണ്ട്. അത് ആ സിനിമയ്ക്കും ഉണ്ടാകുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഞാന്‍ രാമലീല കാണും. അത് തീര്‍ച്ച.'വിനീത് ശ്രീനിവാസന്‍ പറഞ്ഞു.