പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കട്ടപ്പനയിലെ ഋത്വിക് റോഷനും അമര്‍ അക്ബര്‍ ആന്‍റണിക്കും തിരക്കഥയെഴുതിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും വീണ്ടും തിരക്കഥയുമായി ഒന്നിക്കുന്നു. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനായിരിക്കും നായകന്‍. ഏറെ വ്യത്യസ്തത നിറഞ്ഞ ചിത്രമായിരിക്കും ഇത്.

അതേസമയം സംവിധാനം ചെയ്യുന്നത് ആരായിരിക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. നേരത്തെയുള്ള ഇരുവരുടെ രണ്ട് സിനിമകളും സൂപ്പര്‍ഹിറ്റായതാണ്. അതുകൊണ്ട് തന്നെ പുതിയ സിനിമയ്ക്കും തമാശയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. തിരക്കഥയ്ക്ക് പുറമെ അഭിനയത്തില്‍ ഇരുവരും സ്ഥാനം ഉറപ്പിച്ചവരാണ്.

വിഷ്ണു ഉണ്ണിൃഷ്ണന്‍ ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ശിക്കാരി ശംഭുവില്‍ അഭിനയിച്ചു വരികയാണ്. ഫഹദ് ഫാസില്‍ നായകനായ റോള്‍മോഡലില്‍ ബിബിന്‍ ജോര്‍ജ് വില്ലന്‍ വേഷമണിഞ്ഞ് സിനിമാ പ്രേമികളുടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. പ്രേക്ഷകര്‍ക്ക് ഹരം പകര്‍ന്ന കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തമിഴില്‍ റീമേക്കിന് ഒരുങ്ങുകയാണെന്ന് സംവിധായകന്‍ നാദിര്‍ഷ അറിയിച്ചു.