പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷാചിത്രം 'കാടന്റെ' ചിത്രീകരണത്തിനിടെയാണ് വിഷ്ണു വിശാലിന് പരുക്കേറ്റത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.
വിഷ്ണു വിശാലിന്റെ കരിയറിലെ വലിയ ഹിറ്റായിരുന്നു കഴിഞ്ഞ വര്‍ഷം തീയേറ്ററുകളിലെത്തി നൂറ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ രാക്ഷസന്‍. കേരളത്തിലും ഒട്ടേറെ പുതിയ ആരാധകരെ അദ്ദേഹത്തിന് നേടിക്കൊടുത്തു ചിത്രം. എന്നാല്‍ പുതുവര്‍ഷത്തിലെ ആദ്യസിനിമയുടെ ചിത്രീകരണത്തിനിടയില്‍ പരുക്കേറ്റിരിക്കുകയാണ് വിഷ്ണുവിന്. പരുക്ക് സാരമാണ്. ഒരു മാസത്തെ വിശ്രമവും ചികിത്സയുമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് പറയുന്നു വിഷ്ണു വിശാല്‍.
പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷാചിത്രം 'കാടന്റെ' ചിത്രീകരണത്തിനിടെയാണ് വിഷ്ണു വിശാലിന് പരുക്കേറ്റത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. കഴുത്തിന്റെ ഭാഗത്താണ് പ്രധാന പരുക്ക്. കഴുത്തിന്റെ വേദന താങ്ങാനാവുന്നില്ലെന്നും വേദന കഴുത്തില്‍നിന്ന് കൈകളിലേക്ക് പടരുകയാണെന്നും വിഷ്ണു വിശാല്‍ ട്വിറ്ററില്‍ കുറിച്ചു. ബുദ്ധിമുട്ടേറിയ ദിനങ്ങളാണെന്നും എന്നാല്‍ എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് ജോലിയിലേക്ക് തിരിച്ചെത്താമെന്ന് പ്രതീക്ഷിക്കുന്നതെന്നും.
പ്രഭു സോളമന്‍ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ഒരുക്കുന്ന ചിത്രമാണിത്. തമിഴില്‍ 'കാടന്‍' എന്ന് പേരിട്ട ചിത്രത്തിന്റെ ഹിന്ദി ടൈറ്റില്‍ 'ഹാഥി മേരേ സാഥി' എന്നാണ്. കേരളത്തിലായിരുന്നു ചിത്രത്തിന്റെ കഴിഞ്ഞ ഷെഡ്യൂള്‍. റാണ ദഗ്ഗുബതി നായകനാവുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ മാത്രമാണ് വിഷ്ണു വിശാല്‍ അഭിനയിക്കുന്നത്.
