വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം ആറ് മാസങ്ങള്‍ക്കുള്ളില്‍ പ്രതീക്ഷിക്കാമെന്ന് കമല്‍ഹാസന്‍. ഏറെ പ്രതീക്ഷകളോടെ തുടങ്ങിയ സബാഷ് നായിഡു എന്ന ചിത്രം മുടങ്ങിയതോടെ വിശ്വരൂപം രണ്ടില്‍ ശ്രദ്ധപതിപ്പിക്കാന്‍ ഒരുങ്ങുകയാണ് സൂപ്പര്‍താരം. സ്വാതന്ത്ര്യദിനത്തില്‍ റിലീസ് ചെയ്യാനാണ് കമല്‍ഹാസന്‍ ആലോചിക്കുന്നത്.

വിശ്വരൂപം രണ്ടിന്റെ ജോലികള്‍ പുരോഗമിക്കുന്നതിനിടെ ആണ് സബാഷ് നായിഡു എന്ന ചിത്രവും തുടങ്ങിയത്. സംവിധായകന്‍ രാജീവ് കുമാര്‍ ഇടയ്‌ക്ക് അസുഖബാധിതനായി
പിന്‍മാറിയതും, കമലഹാസന് വീണ് പരിക്കേറ്റതും സബാഷ് നായിഡുവിന്റെ ചിത്രീകരണം അനിശ്ചിത്വത്തിലാക്കി. അതിനിടെ വിശ്വരൂപം രണ്ടും പ്രതിസന്ധിയിലായി. നിര്‍മ്മാതാവ് ഓസ്കര്‍ രവിചന്ദ്രനുണ്ടായ സാമ്പത്തികപ്രശ്നം ആണ് തിരിച്ചടി ആയത്. ഒടുവില്‍ പ്രമുഖ കമ്പനികളായ ലൈക പ്രൊഡക്ഷന്‍സും അര്‍ക്ക മീഡിയയും സിനിമ ഏറ്റെടുത്തതോടെ ആണ് പ്രതിസന്ധിക്ക് അയവുണ്ടായത്. എല്ലാ പ്രശ്നങ്ങളും തരണം ചെയ്തു വരികയാണെന്നും ആറ് മാസങ്ങള്‍ക്കുള്ളില്‍ വിശ്വരൂപം രണ്ട് പൂര്‍ത്തീകരിക്കുമെന്നും കമലഹാസന്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. WE WANT VISHWAROOPAM 2 എന്ന ഹാഷ് ടാഗില്‍ പ്രചാരണവും സമൂഹമാധ്യമങ്ങളില്‍ കമല്‍ ആരാധക‍ര്‍ തുടങ്ങി കഴിഞ്ഞു. ഒന്നാം ഭാഗം അമേരിക്കയിലായിരുന്നെങ്കില്‍ വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ കഥ നടക്കുന്നത് ഇന്ത്യയിലാണ്.

തീവ്രവാദികള്‍ക്കെതിരായ അഹമ്മദ് കശീമീരിയുടെ പുതിയ ദൗത്യം ആണ് രണ്ടാം ഭാഗത്തില്‍. കൂടുതല്‍ സാഹസിക രംഗങ്ങളുമായിട്ടാകും വിശ്വരൂപം രണ്ട് എത്തുക എന്നറിയുന്നു. പൂജ കുമാ‍ര്‍, രാഹുല്‍ ബോസ്, ആന്‍ഡ്രിയ തുടങ്ങി പഴയതാരനിര തന്നെ ആണ് രണ്ടാം ഭാഗത്തിലും. വരുന്ന ഓഗസ്റ്റ് 15ന് സിനിമ റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് കമലും കൂട്ടരും ഇപ്പോള്‍.