രാം ചരണ്‍ തേജ അഭിനയം പഠിക്കുന്ന രംഗമുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ശ്രിയാ ശരണുമൊത്തുള്ള വീഡിയോ ആണ് വൈറലാകുന്നത്.

ഏകദേശം 10 വർഷം മുൻപുള്ളതാണ് വീഡിയോ. അന്ന് രാം ചരൺ തേജ സിനിമയിലേക്ക് വന്നിട്ടില്ല. ആദ്യസിനിമ ചിരുതയിൽ അഭിനയിക്കാൻ തയ്യാറെടുക്കുന്ന സമയം. മുംബൈയിലെ പ്രമുഖമായ കിഷോർ നമിത് കപൂർ ആക്ടിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ എത്തിയതായിരുന്നു രാം ചരൺ. അന്ന് അപ്രതീക്ഷിതമായി ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് കണ്ടുമുട്ടുകയായിരുന്നു ശ്രിയാ ശരണിനെ.
സിനിമയിൽ രാം ചരണിനേക്കാളും സീനിയർ ആണ് ശ്രിയ. തെന്നിന്ത്യയിലെ അന്നത്തെ പ്രമുഖ താരം എന്ന നിലയ്ക്ക് സിനിമാവിദ്യാർത്ഥികളുമായി സംവദിക്കാനും പരിശീലനക്കളരിയിൽ പങ്കെടുക്കാനും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ ശ്രിയയെ ക്ഷണിക്കുകയായിരുന്നു. യാദൃച്ഛികമായി താരസുന്ദരിക്കൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയത് രാം ചരണിന്. സന്തോഷത്തോടെ ശ്രിയയും അത് ഏറ്റെടുത്തു. കാരണം 2003ൽ ചരണിന്റെ അച്ഛൻ ചിരഞ്ജീവിക്കൊപ്പം ടാഗോർ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു ശ്രിയ.
ഇന്ന് തെലുങ്കിലെ സൂപ്പർതാരമായി രാം ചരൺ മാറി. പക്ഷേ വെള്ളിത്തിരയിൽ ചരണും ശ്രിയയും ഒന്നിച്ചിട്ടില്ല. അത് കൊണ്ട് തന്നെ സിനിമാസ്കൂളിലെ ഈ അപൂർവ്വ പരിശീലന വീഡിയോ ആരാധകർക്ക് വലിയ കൗതുകം സമ്മാനിക്കുകയാണ്.
