കസബ വിവാദവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ വിമർശിക്കുന്ന ലേഖനം ഷെയര്‍ ചെയ്യുകയും പിന്നീട് പിൻവലിക്കുകയും ചെയ്‍ത സംഭവത്തില്‍ വിശദീകരണവുമായി വനിതാ കൂട്ടായ്‍മായ ഡബ്ല്യുസിസി. ഫേസ്‍ബുക്കിലൂടെയാണ് ഡബ്ല്യുസിസി വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഡബ്ല്യുസിസിയുടെഫേസ്ബുക്ക് പോസ്റ്റ്..
ഞങ്ങൾക്കൊപ്പമുള്ള സുഹൃത്തുക്കൾ അറിയുവാൻ
എഫ് ബി പേജിന്റെ റേറ്റിങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിർണ്ണയിക്കുന്നത് എന്ന് ഞങ്ങൾക്കറിയാം. എങ്കിലും വീണ്ടുമൊരു സൈബർ ആക്രമണത്തിന് കാരണമായ പോസ്റ്റിനെ കുറിച്ച് ഞങ്ങളുടെ കൂടെ എപ്പോഴും നില്‍ക്കുന്നവർക്കായി വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം ഓൺലൈൻ മീഡിയയിൽ വന്ന ഒരു പോസ്റ്റ്, (ഡെയ്‍ലി ഒ യിൽ ആനന്ദ് കൊച്ചുകുടി എഴുതിയത്) മലയാള സിനിമയിലെ സ്‍ത്രീ വിരുദ്ധതയെ പരാമർശിച്ചു കൊണ്ട് ഉദാഹരണമായി പ്രമുഖ നടൻമാരുടെ പേരെടുത്ത് പരാമർശിച്ചു കൊണ്ടുള്ള ലേഖനം ഞങ്ങളുടെ പേജിൽ ഷെയർ ചെയ്യുകയുണ്ടായി. അത് ഞങ്ങളുടെ എഴുതിയതാണെന്ന് തെറ്റിദ്ധരിച്ച് വ്യാപകമായ ആക്രമണം ഉണ്ടായി. തുടർന്ന് ഞങ്ങളത് ഡിലീറ്റ് ചെയ്‍തു. കാരണം അതിൽ എഴുതിയിരുന്ന അഭിപ്രായങ്ങൾ ഞങ്ങളുടെത് അല്ല എന്നതു കൊണ്ടു തന്നെ. മലയാള സിനിമാലോകത്ത് സൗഹാർദപരമായ സ്‍ത്രീ പുരുഷ സൗഹൃദം നിലനിർത്തണം എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ആരുടെയും വികാരങ്ങളെ മുറിവേൽപ്പിക്കുക എന്നത് ഞങ്ങളുടെ ഉദ്ദേശമായിരുന്നില്ല.
ഞങ്ങൾ മുന്നോട്ടുവെച്ച പ്രവർത്തനങ്ങളെയോ ആശയങ്ങളെയോ ഈ ആക്രമണങ്ങൾ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല ഞങ്ങളൊടൊപ്പം കൈകോർത്തു നിൽക്കുന്ന നിങ്ങൾക്കെല്ലാം ഒരിക്കൽകൂടി നന്ദി.
