സുല്‍ത്താന്‍ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാന്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദമായിരിക്കുകയാണ്. സുല്‍ത്താന്റെ ഷൂട്ടിങ്ങ് കഴിഞ്ഞിറങ്ങിയപ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്‍ത്രീയെ പോലെ അവശയായിരുന്നു താന്‍ എന്ന സല്‍മാന്റെ പ്രസ്താവനയാണ് വിവാദത്തിലായത്. ഇതേതുടര്‍ന്ന്, പ്രമുഖരടക്കം നിരവധി പേര്‍ സല്‍മാന്‍ ഖാനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സല്‍മാന്‍ ഖാന്‍ മറ്റൊരു വിവാദത്തിലും പെട്ടിരിക്കുകയാണ്.
പ്രമുഖ മാധ്യമപ്രവർത്തകനായ സച്ചില്‍ കല്‍ബര്‍ഗിന്റെ ട്വീറ്റാണ് ഇപ്പോള്‍ സല്‍മാന്‍ ഖാനെതിരെ ചർച്ചയായിരിക്കുന്നത്. ഒരു മാധ്യമപ്രവർത്തകയുടെ മുന്നില്‍ മൂത്രമൊഴിച്ച പ്രമുഖ നടനെക്കുറിച്ചാണ് സച്ചിന്റെ ട്വീറ്റ്. ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രമുഖ നടന്‍ എന്നാണ് സച്ചിന്‍ പറയുന്നത്. അത് സല്‍മാന്‍ ഖാന്‍ ആണെന്നാണ് ട്വിറ്ററിലെ ചര്‍ച്ചകളില്‍ പറയുന്നത്.
സിനിമാ നിരൂപണത്തില്‍ ദേശീയ അവാര്‍ഡ് നേടിയ മാധ്യമപ്രവര്‍ത്തകയ്‍ക്കാണ് ദുരനുഭവം ഉണ്ടായത്. നടന്റെ ചില ചിത്രങ്ങളെ വിമര്‍ശിച്ച് ഇവര്‍ മുമ്പ് എഴുതിയിരുന്നു. ഇവര്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രമുഖ നടനെ അഭിമുഖം ചെയ്യാന്‍ പോകുകയുണ്ടായി. പുതിയ സിനിമയുടെ റിലീസ് വന്നപ്പോള്‍ നടന് അതേ മാധ്യപ്രവര്‍ത്തകയ്ക്ക് തന്നെ അഭിമുഖം നല്‍കേണ്ടതായി വരികയായിരുന്നു. എന്നാല്‍ ഇത് പ്രതികാരം ചെയ്യാനുള്ള അവസരമായിട്ടാണ് നടന്‍ കണ്ടത്. മണിക്കൂറുകളോളം അവരെ വെയിലത്ത് നിര്‍ത്തിയതിനു ശേഷമാണ് നടന്‍ ഇരിക്കാന്‍ പറയുന്നത്. അഭിമുഖം തുടങ്ങാനായപ്പോള്‍, എനിക്ക് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് അഞ്ച് അടി മാത്രം അകലെപോയി അവര്‍ക്ക് മുന്നില്‍ നടൻ മൂത്രമൊഴിച്ചു. തന്റെ സിനിമകളെ വിമര്‍ശിച്ചത് നടന്‍ പ്രതികാരം ചെയ്യുകയായിരുന്നു. നടന്റെ ഇത്തരം പ്രവര്‍ത്തി കണ്ടപ്പോള്‍ മാധ്യമപ്രവര്‍ത്തക അവിടെ നിന്ന് ഇറങ്ങിപ്പോരുകയും ചെയ്‍തു.
