Asianet News MalayalamAsianet News Malayalam

നടന്‍ അജിത്തിനെ വിറപ്പിച്ച ബ്ലേഡ‍് പലിശക്കാരന്‍

Why Ajith was forced out of Naan Kadavul
Author
First Published Nov 23, 2017, 1:13 PM IST

ചെന്നൈ: തമിഴ് സിനിമലോകത്ത് വന്‍വെളിപ്പെടുത്തലുകള്‍ക്ക് വഴി വയ്ക്കുകയാണ് നിര്‍മ്മാതാവ് ബി.ആശോക് കുമാറിന്‍റെ ആത്മഹത്യ. വട്ടിപലിശക്കാരന്‍റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിര്‍മ്മാതാവ് ബി.അശോക് കുമാറിന്‍റെ ആത്മഹത്യാ കുറിപ്പില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് എത്തുന്നത്. 

സിനിമലോകത്ത് സുപരിചിതനായ ബ്ലേഡുകാരന്‍ അന്‍പ് ചെഴിയാന്‍ തമിഴ് സിനിമാ മേഖലയില്‍ ചെറുതല്ലാത്ത സ്വാധീനമുണ്ടെന്നും അവിടെ നാലില്‍ മൂന്നു ഭാഗം ആളുകളും ഇയാളുടെ പകയ്ക്കും ഭീഷണിക്കും ഇരയായിട്ടുണ്ടെന്നും തമിഴ് സിനിമാ സംവിധായകന്‍ സുശീന്ദ്രന്‍റെ വെളിപ്പെടുത്തല്‍. സിനിമാ മേഖലയിലുള്ളവര്‍ക്ക് പണം പലിശയ്ക്ക് നല്‍കുന്ന ആളാണ് അന്‍പ് ചെഴിയാന്‍. 

നടന്‍ തല അജിത് വരെ ഇയാളുടെ ഭീഷണിക്ക് ഇരയായിട്ടുണ്ട്. നാന്‍ കടവുള്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് വളരെ സംഘര്‍ഷഭരിതമായ മാനസികാവസ്ഥയിലൂടെയായിരുന്നു അജിത് കടന്നു പോയിരുന്നതെന്നും അദ്ദേഹം പറയുന്നു. അജിത്തിനു പുറമെ സംവിധായകരായ ലിംഗസാമി, ഗൗതം മേനോന്‍ എന്നിവരും മറ്റ് താരങ്ങളും നിര്‍മ്മാതാക്കളും ഇയാളാല്‍ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും സുശീന്ദ്രന്‍ വെളിപ്പെടുത്തുന്നു.

നാന്‍ കടവുള്‍ എന്ന ചിത്രത്തിലേക്ക് സംവിധായകന്‍ ബാല ആദ്യം പരിഗണിച്ചിരുന്നത് അജിത്തിനെ ആയിരുന്നു. എന്നാല്‍ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ അജിത് ആ സിനിമ വേണ്ടെന്നു വച്ചു. പിന്നീട് ആര്യയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അന്‍പ് ചെഴിയാനെ പൊലീസ് അറസ്റ്റു ചെയ്തു. അന്‍പ് ചെഴിയാന്റെ ഉപദ്രവം സഹിക്കാനാകാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് അശോക് കുമാര്‍ തന്റെ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios