'എനിക്കുണ്ടായ വേദനയെ ഇരട്ടിപ്പിക്കുന്നതാണ് ഈ ചോദ്യങ്ങള്‍'

താന്‍ തുറന്നുപറഞ്ഞ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നവര്‍ എന്തുകൊണ്ട് സണ്ണി ലിയോണിനോട് അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നില്ലെന്ന് തെലുങ്ക് നടി ശ്രീ റെഡ്ഡി. ഇത്തരം ചോദ്യങ്ങള്‍ തെലുങ്ക്, തമിഴ് ചലച്ചിത്ര ലോകങ്ങളില്‍ നിന്ന് താന്‍ നേരിട്ട വേദനയെ ഇരട്ടിപ്പിക്കുകയാണെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ തമിഴിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

"സണ്ണി ലിയോണിന്‍റെ സത്യസന്ധതയെ നിങ്ങള്‍ ചോദ്യംചെയ്യുന്നില്ല. പക്ഷേ ഞാന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും ഉണ്ടായ വേദനയെക്കുറിച്ചും പറയുമ്പോള്‍ നിങ്ങള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. എന്‍റെ സത്യസന്ധതയെ ചോദ്യംചെയ്യുന്നു. ഒരുപാട് പേര്‍ എന്നോട് ചോദിക്കുന്നു, എന്‍റെ ആരോപണങ്ങള്‍ സത്യസന്ധമാണോ എന്ന്. എനിക്കുണ്ടായ വേദനയെ ഇരട്ടിപ്പിക്കുകയാണ് അത്." ഇനിയും തെലുങ്ക് സിനിമാലോകത്ത് അവസരം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിന് അതിനുവേണ്ടിയാണ് ശ്രമിക്കുന്നതെന്ന് പറയുന്നു ശ്രീ റെഡ്ഡി. "ടോളിവുഡിന്‍റെ നടപ്പുരീതികളെ മാറ്റാനാണ് ഞാന്‍ ശ്രമിക്കുന്നത്. പക്ഷേ അവര്‍ അതിന് തയ്യാറല്ല. ഭാവിയിലും അതിന് കഴിയുന്നില്ലെങ്കില്‍ തെലുങ്ക് സിനിമയിലേക്ക് എനിക്ക് തിരിച്ചുവരവ് നടത്തമെന്നില്ല. എന്നെ ഒഴിവാക്കിക്കോളൂ എന്നാണ് പറയാനുള്ളത്."

താന്‍ നേരിട്ട പ്രശ്നങ്ങള്‍ തെലുങ്ക് താര സംഘടനയായ മാ അസോസിയേഷനുമായി പങ്കുവച്ചതാണെന്നും പക്ഷേ അവര്‍ അതിന് പരിഗണനയൊന്നും നല്‍കിയില്ലെന്നും പറയുന്നു ശ്രീ റെഡ്ഡി. "തെളിവുകള്‍ അടക്കമാണ് ഞാന്‍ പരാതിപ്പെട്ടത്. എന്നിട്ടും അവര്‍ അനങ്ങിയില്ല. മാ അസോസിയേഷനിലുള്ളവര്‍ തമിഴ്‍സിനിമാമേഖലയിലെ നടികര്‍ സംഘത്തിലും എന്‍റെ കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ പറഞ്ഞത് എന്‍റെ മാത്രം പ്രശ്നമല്ല. തെലുങ്ക്, തമിഴ് സിനിമാമേഖലകളിലെ ഒരുപാട് സ്ത്രീകള്‍ നേരിടുന്ന പ്രശ്നമാണ്. നടിമാര്‍ മാത്രമല്ല, ഡാന്‍സേഴ്‍സും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമൊക്കെ ഇത്തരത്തിലുള്ള ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരാവുന്നുണ്ട്." നടന്‍ ശ്രീകാന്തിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തക്കുറിച്ച് നല്ലതൊന്നും പറയാനില്ലെന്നായിരുന്നു ശ്രീ റെഡ്ഡിയുടെ പ്രതികരണം.