എട്ടാം സീസണ്‍ ചിത്രീകരണം അവസാനഘട്ടത്തില്‍

ലോകമെങ്ങും ആരാധകരെ സമ്പാദിച്ച ഒരു ടെലിവിഷന്‍ സിരീസ്, 'ഗെയിം ഓഫ് ത്രോണ്‍സ്' പോലെ മറ്റൊന്ന് ഉണ്ടാവില്ല. ജോര്‍ജ്ജ് ആര്‍.ആര്‍.മാര്‍ട്ടിന്‍റെ ഫാന്‍റസി നോവല്‍ പരമ്പര, എ സോംഗ് ഓഫ് ഐസ് ആന്‍റ് ഫയറിനെ ആസ്പദമാക്കി ഒരുക്കിയ സിരീസിന് കേരളത്തിലുമുണ്ട് വലിയൊരു ആരാധക സംഘം. 2019ല്‍ എട്ടാമത്തെയും അവസാനത്തെയുമായ സീസണ്‍ പുറത്തുവരാനിരിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തുന്ന ഒരു ചോദ്യം പരക്കുന്നു. ഗെയിം ഓഫ് ത്രോണ്‍സ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ടോ? തങ്ങളുടെ പ്രിയ സിരീസിന്‍റെ മലയാളം ഭാഷാ പതിപ്പ് ഏഷ്യാനെറ്റ് ചാനലില്‍ വന്നാലുള്ള സ്ഥിതിയെക്കുറിച്ചുള്ള നിരവധി ട്രോളുകള്‍ വരെ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാല്‍ അത്തരത്തില്‍ ഒന്ന് അണിയറയില്‍ ഒരുങ്ങുന്നുണ്ടോ?

നിലവില്‍ ഗെയിം ഓഫ് ത്രോണ്‍സ് സംപ്രേക്ഷണത്തെക്കുറിച്ചുള്ള ഒരു ആലോചന നടക്കുന്നില്ലെന്നാണ് ഏഷ്യാനെറ്റ് ചാനലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ അത്തരത്തിലൊരു ആലോചന ഭാവിയില്‍ വന്നുകൂടായ്ക ഇല്ലെന്നും. യുഎസിലെ പ്രാഥമിക സംപ്രേക്ഷണം കൂടാതെ ചൈന, ഓസ്ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ്, യുകെ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലൊക്കെ മുന്‍പ് ഗെയിം ഓഫ് ത്രോണ്‍സിന് ടെലിവിഷന്‍ സംപ്രേക്ഷണം ഉണ്ടായിട്ടുണ്ട്. കാനഡയിലും ലാറ്റിന്‍ അമേരിക്കയിലും എച്ച്ബിഒ തന്നെയാണ് സിരീസ് സംപ്രേക്ഷണം ചെയ്‍തതെങ്കില്‍ മറ്റ് രാജ്യങ്ങളില്‍ അതാത് രാജ്യങ്ങളിലെ പ്രമുഖ ചാനലുകളാണ് സിരീസ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചത്.

ഐമാക്സ് റിലീസിന്‍റെ പരസ്യം

ടെലിവിഷന്‍ സംപ്രേക്ഷണം കൂടാതെ ഡിവിഡിയും ബ്ലൂറേയും എന്തിന് ഐമാക്സ് റിലീസ് വരെ ഉണ്ടായിട്ടുണ്ട് ഗെയിം ഓഫ് ത്രോണ്‍സിന്. നാലാം സീസണിന്‍റെ അവസാനത്തെ രണ്ട് എപ്പിസോഡുകളാണ് 2015 ജനുവരിയില്‍ യുഎസിലെ ഐമാക്സ് തീയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ടത്. എക്കാലത്തെയും ഈ ജനപ്രിയ സിരീസ് ആദ്യമായി സംപ്രേക്ഷണമാരംഭിച്ചത് 2011 ഏപ്രില്‍ 17ന് യുഎസിലാണ്. ഏഴാം സീസണിന്‍റെ അവസാന എപ്പിസോഡ് വന്നത് 2017 ഓഗസ്റ്റ് 27നും. എട്ട് സീസണില്‍ അവസാനിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ച സിരീസിന്‍റെ ഫൈനല്‍ സീസണ്‍ ചിത്രീകരണം അന്തിമഘട്ടത്തിലാണ്. അടുത്ത വര്‍ഷമാണ് ഇതിന്‍റെ സംപ്രേക്ഷണം. 

(ബാനര്‍ ഇമേജിലെ ട്രോളിന് കടപ്പാട്: ഐസിയു)